തിരുവനന്തപുരം: ഇംഗ്ലീഷ ഭാഷയിലെ ട്വീറ്റുകള്‍ മാത്രമല്ല ബംഗാളി ഭാഷയും തനിക്ക് വഴങ്ങുമെന്ന് വ്യക്തമാക്കി അതിഥി തൊഴിലാളികള്‍ക്കായി തിരുവനന്തപുരം എം പി ശശി തരൂരിന്‍റെ ട്വീറ്റ്. കൊവിഡ് 19ന്‍റെ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട കേരളത്തിലെ പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കായാണ് എംപിയുടെ ട്വീറ്റ്. 

സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്ന് എനിക്ക് മനസിലാവുന്നുണ്ട്. എന്നാൽ, ഇപ്പോൾ എല്ലാം അടച്ചിരിക്കുന്നതിനാൽ ഒരു സംസ്ഥാന അതിർത്തിയും കടക്കാൻ കഴിയില്ലെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മറ്റ് സാധനങ്ങൾ എന്നിവ കേരള സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. നിങ്ങൾ എവിടെയായിരുന്നാലും അവിടെ തന്നെ തുടരണമെന്നാണ് എന്‍റെ അഭ്യത്ഥനയെന്ന് ശശി തരൂര്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. 

എഴുതി തയ്യാറാക്കിയ കുറിപ്പില്‍ നിന്നാണ് തരൂര്‍ വായിക്കുന്നതെന്ന് വ്യക്തമാകുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിട്ടുളളത്. എങ്കിലും ഇത്തരമൊരു ഘട്ടത്തില്‍ തരൂരിന്‍റെ സന്ദേശം മികച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. ട്വീറ്റിന് പ്രതികരണമായി നിരവധി ബംഗാളി ഉപയോക്താക്കളും പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്നതിനെ പ്രതിരോധിക്കാൻ 21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരാഴ്ച പിന്നിട്ടതോടെ രാജ്യത്തുടനീളമുള്ള കുടിയേറ്റ തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു.

ദില്ലിയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ കടുകട്ടി പ്രയോഗങ്ങളിലൂടെ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ് ശശി തരൂര്‍.