തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി
തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് തലയ്ക്കേറ്റ പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നതായി ശശി തരൂര്‍. പരിക്കേറ്റ വിവരമറിഞ്ഞ് സുഖവിവരം അന്വേഷിച്ച് വിളിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 24 മണിക്കൂര്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും തലയ്ക്ക് എട്ട് സ്റ്റിച്ചുണ്ടെന്നും തിരുവനന്തപുരം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് സനൽ കുമാർ തമ്പാനൂർ പൊലീസിന് ഇതു സംബന്ധിച്ച പരാതി നൽകി.
തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേർച്ചക്കിടെയായിരുന്നു അപകടമുണ്ടായത്. കൊളുത്ത് പൊട്ടി ത്രാസ് ശശി തരൂരിന്റെ തലയിൽ വീഴുകയായിരുന്നു. കുടുംബാംഗങ്ങളും പ്രവർത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്ക്കാണ് തരൂര്‍ ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.
