Asianet News MalayalamAsianet News Malayalam

കെപിസിസിയുടെ പലസ്തീൻ ഐക്യദാർഢ്യ റാലി; ശശി തരൂർ പങ്കെടുക്കും, കെപിസിസി പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചെന്ന് തരൂർ

കെപിസിസി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.

Shashi Tharoor will participate KPCC Palestine solidarity rally nbu
Author
First Published Nov 22, 2023, 11:04 AM IST

കോഴിക്കോട്: കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയില്‍ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാൽ കൂടുതൽ വിവാദങ്ങൾ ഉണ്ടായേക്കുമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു. തരൂരിന്‍റെ സാന്നിദ്ധ്യം മുസ്ലീം ലീഗ് അണികളിലുൾപ്പെടെ ഭിന്നിപ്പുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ  അറിയിച്ചിരുന്നു. 

മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയിൽ ശശി തരൂരിന്‍റെ ഹമാസ് വിരുദ്ധ പരാമ‍ർശത്തെച്ചൊല്ലി ഏറെ പഴികേട്ട ശേഷമാണ് കോൺഗ്രസ് കോഴിക്കോട് പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിക്കുന്നത്. പ്രസ്താവനയിൽ തരൂർ വിശദീകരണം നൽകുകയും കെപിസിസി നേതൃത്വം  പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ലീഗ് നേതാക്കൾക്ക് ഒപ്പം ശശി തരൂർ വേദി പങ്കിടുമ്പോൾ എതി‍ർപ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യമുൾപ്പെടെ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

കടപ്പുറത്ത് ഇരുപത്തിമൂന്നിന് നടക്കുന്ന റാലിയിൽ അരലക്ഷത്തിലേറെ പേർ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. സിപിഎം ഉൾപ്പെടെ പലസ്തീൻ നിലപാടിൽ നിരന്തര വിമർശനം കോൺഗ്രസിനെതിരെ ഉന്നയിക്കുമ്പോൾ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോൺഗ്രസ് റാലി. അതിനാൽത്തന്നെ കൂടുതൽ വിവാദങ്ങളുണ്ടാകാതെ റാലി നടത്താനാണ് നേതാക്കളുടെ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios