വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച് ശശി തരൂർ.

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിച്ച് ശശി തരൂർ. ഒൻപത് കുഞ്ഞുങ്ങളെയാണ് ശശി തരൂർ ആദ്യാക്ഷരം എഴുതിച്ചത്. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ''ഇന്ന് ഒൻപത് കുഞ്ഞുങ്ങൾക്ക് വിദ്യാരംഭം കുറിച്ചു. അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഉപയോ​ഗപ്രദമാകുമെന്ന പ്രതീക്ഷയിൽ, മലയാളം, ഇം​ഗ്ലീഷ്, ദേവനാ​ഗരി എന്നീ മൂന്നു ലിപികളിൽ അവരെ ഓം ശ്രീ എന്ന് പഠിപ്പിച്ചു.'' ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു. 

Scroll to load tweet…

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് ശശി തരൂര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പത്രിക സമര്‍പ്പിക്കാന്‍ തരൂരെത്തിയത്. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ അടക്കം പിന്തുണയോടെ അഞ്ച് സെറ്റ് പത്രികയാണ് തരൂർ നല്‍കിയത്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂര്‍ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍, കെ എന്‍ ത്രിപാഠി എന്നിവരാണ് പത്രിക സമർപ്പിച്ചിരുന്നത്. ഖാർഗെ പതിനാല് സെറ്റ് പത്രികയും തരൂർ അഞ്ച് സെറ്റും ത്രിപാഠി ഒരു സെറ്റ് പത്രികയുമാണ് സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിപ്പോയി. ഒപ്പിലെ പൊരുത്തക്കേടിനെ തുടർന്നാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖാർഗെയും തരൂരും മാത്രമേ മത്സര രംഗത്തുള്ളുവെന്നും നാല് പത്രികകൾ തള്ളിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂക്ഷമ പരിശോധനയിൽ ത്രിപാഠിയുടെ പത്രിക തള്ളിയതോടെ മത്സരം മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി.