Asianet News MalayalamAsianet News Malayalam

സുരക്ഷിത യാത്രയൊരുക്കാന്‍ കേരള സര്‍ക്കാര്‍; ഷീ ടാക്‌സി സേവനം ഇനി കേരളത്തിലുടനീളം

ജിപിഎസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. 

she taxi service all over kerala from may 11
Author
Thiruvananthapuram, First Published May 10, 2020, 9:11 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ ടാക്‌സി സേവനം മേയ് 11 മുതല്‍ കേരളത്തിലുടനീളം ലഭ്യമാക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് & ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സമാരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വനിതകളെ സംരംഭകരാക്കിമാറ്റി നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്‌സി ഉറപ്പു നല്‍കുന്നു.

ജിപിഎസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും പൂര്‍ണ സുരക്ഷ ഒരുക്കുന്ന ഈ സേവനം ലിംഗ വിവേചനം കൂടാതെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് കമ്പനികളുമായി സഹകരിച്ച് അവരുടെ ജീവനക്കാര്‍ക്ക് എക്‌സിക്യൂട്ടീവ് ക്യാബ് സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്. അതേസമയം മറ്റു വാഹനങ്ങള്‍ ലഭ്യമായിട്ടുള്ളതിനാല്‍ ലോക്ക്ഡൗണ്‍ സമയത്ത് പ്രഖ്യാപിച്ച ഇളവുകള്‍ ഇനി ലഭിക്കുന്നതല്ല.

ഷീ ടാക്‌സിയുടെ സേവനം ആവശ്യമുള്ളവര്‍ 7306701400, 7306701200 എന്നീ 24*7 ലഭ്യമായിട്ടുള്ള കോള്‍ സെന്റര്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ 'shetaxi' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രയോജനപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ഷീ ടാക്‌സി പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് http://www.myshetaxi.in/'myshetaxi.in എന്ന വെബ്‌സൈറ്റിലോ 'shetaxi driver' എന്ന ആപ്പിലോ സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Follow Us:
Download App:
  • android
  • ios