അച്ചടക്ക ലംഘനം സേനയിൽ അനുവദിക്കില്ലെന്നും അത്തരക്കാർക്കെതിതെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി ഉറപ്പ് നൽകി.
തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് പരിശോധിക്കുമെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കരുതിക്കൂട്ടി കേസെടുക്കില്ല. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിപക്ഷത്തിന്‍റെ ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചും അങ്ങനെയേ കാണുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡിജിപി ഷേഖ് ദർവേഷ് സാഹിബ്.
അഖില നന്ദകുമാറിനെതിരെ അടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെൻഷൻ വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെയുഡബ്ലിയുജെ കഴിഞ്ഞ മാസം മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.
അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ അപലപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി നിയമപ്രക്രിയയുടെ ദുരുപയോഗവും സംശയാസ്പദവുമാണെന്ന് എൻബിഡിഎ കുറ്റപ്പെടുത്തി. രാഷ്ട്രീയ ആരോപണം എന്ന് വ്യക്തമായി ചൂണ്ടിക്കാട്ടി റിപ്പോർട്ട് ചെയ്ത വിഷയത്തിലാണ് അഖിലക്കെതിരായ കേസ് എടുത്തിരിക്കുന്നത്. മാധ്യമങ്ങളെ നിശബ്ദരാക്കാനും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിൽ ഇടപെടാനുമുള്ള ശ്രമം അപലപനീയമാണ്. കേസിൽ തുടർനടപടികളെല്ലാം ഒഴിവാക്കണമെന്നും എൻബിഡിഎ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എൻബിഡിഎ കത്ത് നൽകുകയും ചെയ്തിരുന്നു.
അച്ചടക്ക ലംഘനം സേനയിൽ അനുവദിക്കില്ലെന്നും അത്തരക്കാർക്കെതിതെ കർശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി ഉറപ്പ് നൽകി. പൊലീസ് സ്റ്റേഷനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകേണ്ട സേവനങ്ങൾ മെച്ചപ്പെടുത്തും. സൈബർ ക്രൈം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കേസിൽ ശക്തമായ നടപടിയുണ്ടാകും. ലഹരിക്കെതിരെ ഓരോ റെയ്ഞ്ച് അടിസ്ഥാനത്തിൽ സ്പെഷ്യൽ ടീം ഉണ്ടാകും. ലഹരി പിടികൂടുമ്പോൾ പരിശോധന ഫലം വേഗത്തിൽ കിട്ടാനുള്ള നടപടി സ്വീകരിക്കും. ക്രിമിനൽ കേസ് പ്രതികളായ പൊലിസുകാർക്കെതിരായ നടപടികൾ തുടരും. മാധ്യമപ്രവർത്തകർക്കെതിരായ കേസ് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

