Asianet News MalayalamAsianet News Malayalam

Sheikh P Haris : എലിയുടെ തലയാവുന്നതിലും നല്ലത് സിംഹത്തിൻ്റെ വാലാകുന്നത്: ഷെയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്ക്

ഇപ്പോൾ എൽജെഡിയിൽ നിന്ന് വന്നവർ നിരുപാധികം പ്രവർത്തിക്കും. സുരേന്ദ്രൻ പിള്ളയടക്കമുള്ളവർ അധികനാൾ എൽജെഡിയിൽ തുടരില്ല

Sheikh P Haris to CPIM
Author
ആലപ്പുഴ, First Published Dec 20, 2021, 5:01 PM IST

തിരുവനന്തപുരം: എൽജെഡി വിട്ട പ്രമുഖ നേതാവ് ഷെയ്ക്ക് പി ഹാരിസ് (Sheikh P Haris) സിപിഎമ്മിലേക്ക് (CPIM). തിരുവനന്തപുരത്ത്  കോടിയേരി ബാലകൃഷ്ണനുമായി (Kodiyeri Balakrishnan) കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിപിഎമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാനുള്ള തീരുമാനം ഷെയ്ക്ക് പി ഹാരിസ് പ്രഖ്യാപിച്ചത്. 

സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. ചർച്ചയിൽ അനുഭാവപൂർണമായ നിലപാടാണ് കോടിയേരി സ്വീകരിച്ചത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എൽ ജെ ഡി യിൽ നിന്ന് രാജിവയ്ക്കും. ദേശീയ കമ്മിറ്റിക്ക് പോലും സംസ്ഥാനത്തെ പ്രശ്നങ്ങൾ തീർക്കാൻ സാധിക്കാത്ത അവസ്ഥയാണ് എൽജെഡിയിൽ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണ്. ഭാവിയിൽ സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഇപ്പോൾ എൽജെഡിയിൽ നിന്ന് വന്നവർ നിരുപാധികം പ്രവർത്തിക്കും. സുരേന്ദ്രൻ പിള്ളയടക്കമുള്ളവർ അധികനാൾ എൽജെഡിയിൽ തുടരില്ല

കഴിഞ്ഞ മാസം എൽജെഡിയിൽ ഷേയ്ക്ക് പി ഹാരിസും വി.സുരേന്ദ്രൻപിള്ളയുടേയും നേതൃത്വത്തിൽ വിമത നീക്കങ്ങൾ നടന്നിരുന്നു. പിന്നാലെ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറും തുടക്കമിട്ടു. എൽഡിഎഫ് ഘടകക്ഷിയായ എൽജെഡിയിൽ പിളർപ്പ് ഉറപ്പായ സാഹചര്യത്തിൽ സിപിഎം വിഷയത്തിൽ ഇടപെടുകയും സമവായചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇതോടെ ഇരുകൂട്ടരും കടുത്ത നിലപാടിൽ നിന്നും പിന്നോട്ട് പോയി. വിമതവിഭാഗത്തെ നയിച്ച ഷേയ്ക്ക് പി ഹാരിസ് നേരിട്ട് മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. എൽജെഡിയിൽ ഭിന്നത തീരുന്നു എന്ന് വാർത്തകൾ പുറത്തു വന്നതിനെയാണ് തീർത്തും അപ്രതീക്ഷിതമായി ഷേയ്ക്ക് പി ഹാരിസ് അടക്കം മൂന്ന് സെക്രട്ടറിമാർ രാജിവച്ചത്.  

പാർട്ടയിലെ പ്രമുഖ നേതാക്കളായ കെ.പി. മോഹനൻ എംഎൽഎയും ദേശീയസെക്രട്ടറി വർഗ്ഗീസ് ജോർജ്ജും ആദ്യഘട്ടത്തിൽ ഷേയ്ക്ക് പി ഹാരിസ് അടക്കമുള്ള വിമതവിഭാഗത്തോട് അനുഭാവം കാണിച്ചെങ്കിലും പിന്നീട് ശ്രേയാംസ്കുമാർ ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോൾ ഒപ്പം നിൽക്കുകയാണ് ചെയ്തത്. 

പാർട്ടിയിൽ ശ്രേയാംസ് കുമാറിൻ്റെ ഏകാധിപത്യഭരണമാണ് നടക്കുന്നതെന്നാണ് വിമതവിഭാഗത്തിൻ്റെ പ്രധാന പരാതി. പാർട്ടിയുടെ ഏക എംഎൽഎയായ കെ.പി.മോഹനന് മന്ത്രിസ്ഥാനം ഉറപ്പാക്കാതെ ശ്രേയാംസ് കുമാർ രാജ്യസഭാ എംപി സ്ഥാനം നിലനിർത്താൻ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പുകളിൽ ശ്രേയാംസ് മാത്രം മത്സരിക്കുന്ന നിലയാണെന്നും നേതാക്കൾ ആരോപിക്കുന്നു. എൽജെഡിയെ ജെഡിഎസിൽ ലയിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണെന്നും വിമതവിഭാഗം ആരോപിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios