സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ അരിമ്പൂരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള വയോധികനും 60 വയസ്സുള്ള ഭാര്യയ്ക്കും ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കണ്ണൂരിൽ മൂര്യാട് സ്വദേശിയായ 62കാരിക്കാണ് രോഗം. ഇതോടെ ജില്ലയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു.
അതിനിടെ, സംസ്ഥാനത്ത് ഒരാൾ കൂടി ഷിഗെല്ല ബാധിച്ചു മരിച്ചു. ചൊവ്വാഴ്ച മരണപ്പെട്ട മലപ്പുറം അലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പ്രതിദിന ഷിഗെല്ല ബാധിതരുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് മാത്രം 12 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. ഈ മാസം മാത്രം അഞ്ചുപേർ ഷിഗെല്ല ബാധിച്ചു മരിച്ചു. ഈ വർഷം ഷിഗെല്ല ബാധിച്ചു മരിച്ചവരുടെ എണ്ണം ആറാണ്. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും 17 ദിവസത്തിനുള്ളിലാണ് സംഭവിച്ചത്.
ഷിഗെല്ല ബാധയ്ക്കിടെ, സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി കേസുകളും ആശങ്കയാകുകയാണ്. പ്രതിദിന ഡെങ്കി കേസുകൾ നൂറുകടന്നു. ഇന്ന് മാത്രം 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 1029 ആയി. മൂന്ന് ഡെങ്കി മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 12,191 പേർ ആശുപത്രികളിൽ ചികിത്സ തേടി. ഇന്ന് മാത്രം 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഈ വർഷം 22 പേർ എലിപ്പനി ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ഒരു അമീബിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തു.
ചർച്ച ചെയ്ത് മന്ത്രി
സംസ്ഥാനത്തെ പകർച്ചപ്പനി സാഹചര്യം ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലാ കളക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി ചർച്ച ചെയ്തു. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ മുങ്ങി മഴക്കാലപൂർവ ശുചീകരണം കാര്യമായി നടക്കാതെ പോയതാണ് രോഗവ്യാപനമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഡ്രൈഡേ ആചരണം. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഓഫീസർമാർ സ്കൂളുകളിൽ പരിശോധന നടത്തണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആൾക്കൂട്ടത്തിൽ മാസ് ധരിക്കണം. സ്വയം പ്രതിരോധം തന്നെ ഏറ്റവും നല്ല വഴിയെന്ന് ആരോഗ്യവകുപ്പ് ഓർമിപ്പിച്ചു.


