കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു.

തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല (Shigella) സ്ഥിരീകരിച്ചു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു.

തൃശൂര്‍ ഗവണ്‍മെന്‍റ് എ‍ഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാന്‍ പെണ്‍കുട്ടിയെ കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാര്‍ത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

രോഗ ലക്ഷണങ്ങളുള്ളവര്‍ വേഗത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോളെജിലെ കുടിവെള്ള ശ്രോതസ്സുകളില്‍ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. തൊട്ടടുത്ത ഭക്ഷണ ശാലകളിലും പരിശോധന നടത്തുന്നുണ്ട്. അതിനിടെ 28 വരെ നിശ്ചയിച്ച കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണിത്. എവിടെ നിന്നാണ് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷിഗെല്ല ; ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ട ചിലത്...

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്.

വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണം. 

മുൻകരുതലുകൾ...

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
  • ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക
  • രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
  •  പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
  • ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
  • ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക
  • ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം. 

ലക്ഷണങ്ങൾ...

വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു.