പാലക്കാട്: പാര്‍ട്ടി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി ശോഭാ സുരേന്ദ്രൻ. ബിജെപിയുടെ പുനഃസംഘടനയിൽ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ല.  കാര്യങ്ങൾ ഒളിച്ചുവെക്കാൻ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. പുനഃസംഘടനയിൽ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന വാര്‍ത്തകൾക്കിടെയാണ് അത് സ്ഥിരീകരിച്ച് ശോഭാ സുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. 

ദേശീയതലത്തിൽ പ്രവർത്തിക്കവേയാണ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ തന്‍റെ അനുവാദമില്ലാതെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്ര നേതാക്കളെ പരാതി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് പുനഃസംഘടന നടന്നത്. അതൃപ്തി ഉണ്ട് അത് മറച്ചുവക്കാനില്ല. പൊതു പ്രവര്‍ത്തനം തുടരുമെന്നും ശോഭാ സുരേന്ദ്രൻ വിശദീകരിച്ചു. 

കുമ്മനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിൽ ഗ്രൂപ്പിന് അതീതമായി ബിജെപിക്ക് അകത്ത് വലിയ അതൃപ്തിയാണ് നിലവിലുള്ളത്. പുനഃസംഘടന തീരുമാനത്തിൽ പ്രതിഷേധിച്ച് ശോഭാ സുരേന്ദ്രൻ പാര്‍ട്ടി പരിപാടികളിൽ നിന്ന് പോലും വിട്ട് നിൽക്കുന്ന അവസ്ഥയും ഉണ്ട്.