Asianet News MalayalamAsianet News Malayalam

'ജനങ്ങളുടെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്', കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ശോഭാ സുരേന്ദ്രന്‍

സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ട്. 

Shobha Surendran speak against not being included in the BJP core committee
Author
First Published Oct 30, 2022, 3:26 PM IST

ദില്ലി: ബിജെപി കോര്‍ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള അതൃപ്‍തി തുറന്നുപറഞ്ഞ് ശോഭാ സുരേന്ദ്രൻ. പാര്‍ട്ടി കോര്‍ കമ്മിറ്റിയിൽ ഇല്ലെങ്കിലും ജനങ്ങളുടെ കോര്‍ കമ്മിറ്റിയിൽ സ്ഥാനമുണ്ടെന്ന് ശോഭ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ തയ്യാറാണ്. പക്ഷേ അതിന് അവരസരം നൽകേണ്ടത് അധ്യക്ഷനാണ്. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോയി പ്രവർത്തിച്ചിരുന്നു. സുരേഷ് ഗോപി കോർ കമ്മിറ്റിയിൽ വരുന്നതിൽ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു.

കടുത്ത വിഭാഗീയതക്കിടയിലും ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യപ്രതികരണത്തിന് മുതിരുന്നത്. അതും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ നേരിട്ട് ലക്ഷ്യം വെച്ച്.  ദില്ലിയിലെത്തിയാണ് ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. കുറച്ചുനാളായി സംസ്ഥാന ബിജെപിയിൽ പി കെ കൃഷ്ണദാസ് പക്ഷം പരസ്യ കലാപത്തിൽ നിന്ന് വിട്ട് കെ സുരേന്ദ്രനുമായി സമാവായത്തിലാണ്. സംസ്ഥാന ഘടകവുമായി ഏറ്റുമുട്ടുമ്പോഴും ദില്ലിയിലെ നേതാക്കളുമായി അടുപ്പം സൂക്ഷിച്ചാണ് ശോഭാ സുരേന്ദ്രന്‍റെ ഇപ്പോഴത്തെ ഇടപെടൽ.  കോര്‍ കമ്മിറ്റി പുനസംഘടന ഉടനുണ്ടെന്നിരിക്കെയാണ് ബിജെപിക്കകത്ത് ശോഭയുടെ കലാപക്കൊടി.

സുരേഷ് ഗോപി അടുത്തിടെ കോര്‍ കമ്മിറ്റിയിലെത്തിയിരുന്നു. പതിവ് രീതികളിൽ മറികടന്നാണ് സൂപ്പർ താരം സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിൽ ബിജെപി ഉൾപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോര്‍ കമ്മിറ്റിയില്‍ എടുത്തത്. സാധാരണ നിലയിൽ സംസ്ഥാന അധ്യക്ഷനും മുൻ അധ്യക്ഷന്മാരും ജനറൽ സെക്രട്ടറിമാരും മാത്രമാണ് പാർട്ടിയുടെ ഉന്നത ഘടകമായ കോർ കമ്മിറ്റിയിലെ അംഗങ്ങൾ. ആ പതിവ് തെറ്റിച്ചത് തന്നെ സുരേഷ് ഗോപിക്ക് തുടർന്നും ഔദ്യോഗിക ചുമതല നൽകാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ്. അടുത്തിടെ കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് നടത്തിയ രഹസ്യസർവ്വേയിലും സുരേഷ് ഗോപി നയിച്ചാൽ നേട്ടമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ട്. 

സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ നേരത്തെ ദേശീയ നേതൃത്വം ശ്രമം നടത്തിയിരുന്നു. എന്നാൽ സിനിമകളിൽ സജീവമാകണമെന്ന് പറഞ്ഞ് താരം പിന്മാറുകയായിരുന്നു. സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രന് ഡിസംബർ വരെ കാലാവധിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ  കോർ കമ്മിറ്റി അംഗത്തിനപ്പുറം താരത്തിന് പുതിയ റോളുകൾ കൂടി നൽകുമോ എന്നാണ് ഇനി അറിയേണ്ടത്. 
 

Follow Us:
Download App:
  • android
  • ios