പിസി ജോര്‍ജിനെ ജനപക്ഷം രക്ഷാധികാരിയാക്കി മാറി മകന്‍ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി കൊണ്ടു വരാനും നീക്കം നടക്കുന്നുണ്ട്. 

കോട്ടയം: കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന പാലാ സീറ്റില്‍ മത്സരിക്കാന്‍ പിസി ജോര്‍ജിന്‍റെ ജനപക്ഷം നീക്കം ആരംഭിച്ചു. നിലവില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ജനപക്ഷം ഈ സീറ്റ് ചോദിച്ചു വാങ്ങാനാണ് ശ്രമിക്കുന്നത്. ജനപക്ഷത്തിന് സീറ്റ് ലഭിക്കുന്ന പക്ഷം മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് പിസി ജോര്‍ജിന്‍റെ നീക്കം. 

ഇതോടൊപ്പം ജനപക്ഷത്തിന്‍റെ നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനും ജോര്‍ജ് ലക്ഷ്യമിടുന്നുവെന്നാണ് വിവരം. പിസി ജോര്‍ജിനെ ജനപക്ഷം രക്ഷാധികാരിയാക്കി മാറി മകന്‍ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി അധ്യക്ഷനാക്കി കൊണ്ടു വരാനാണ് ജോര്‍ജിന്‍റെ പദ്ധതി. ഇതോടൊപ്പം ജനപക്ഷത്തിന്‍റെ സംസ്ഥാന നേതൃത്വത്തിലും ജില്ലാ ഘടകങ്ങളിലും തലമുറ മാറ്റം കൊണ്ടു വരും. ജനപക്ഷം പാര്‍ട്ടിയുടെ പേര് ജനപക്ഷം സെക്കുലര്‍ എന്ന് മാറ്റാനും ആലോചനയുണ്ട്. പാർട്ടി നേതൃയോഗം ഇന്ന് കോട്ടയത്ത് നടക്കുന്നുണ്ട്. 

 യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ജോര്‍ജും ജനപക്ഷവും പിന്നീട് എന്‍ഡിഎയുടെ ഭാഗമായിരുന്നു. കോഴിക്കോട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയിലും ജോര്‍ജ് പങ്കെടുത്തിരുന്നു. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് വേണ്ടി പിസി ജോര്‍ജും ജനപക്ഷവും സജീവമായി പ്രചാരണം നടത്തിയിരുന്നു.