Asianet News MalayalamAsianet News Malayalam

പൊലീസ്-മാവോയിസ്റ്റ് വെടിവെപ്പ്: ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടു, കൂടുതല്‍ തണ്ടര്‍ ബോള്‍ട്ട് സംഘം വയനാട്ടിലേക്ക്

മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായ വയനാട്ടിലെ വൈത്തിരിയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം

shoot out ended between maoist and thunder bolt at vythiri
Author
Kerala, First Published Mar 7, 2019, 6:36 AM IST

വൈത്തിരി: മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായ വയനാട്ടിലെ വൈത്തിരിയില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. പുലര്‍ച്ചെ നാലര വരെ ഏറ്റുമുട്ടല്‍ തുടര്‍ന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നലര മണിക്കാണ് അവസാനമായി വെടിയൊച്ചകള്‍ കേട്ടത്. വന പ്രദേശത്തേക്ക് കടന്ന മാവോയിസ്റ്റുകള്‍ക്കായി മുപ്പതംഗ തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. 

കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോള്‍ വൈത്തിരി. പ്രദേശത്തേക്ക് മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്നലെ രാത്രി ഒമ്പതു മണിയോടെ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് നേതാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈത്തിരിയിലെത്തിയ അഞ്ചംഗ സംഘത്തിലെ  വേൽമുരുകനാണ് വെടിയേറ്റതെന്നാണ് ലഭിക്കുന്ന സൂചന. 

മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ  കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാ​ഗമായ തണ്ടർ ബോൾട്ടിനെ വിവരം അറിയിച്ചു. 

പിന്നാലെ തണ്ടർ ബോൾട്ട് സംഘം ഇവിടെയെത്തുകയും റിസോർട്ടിന് മുന്നിൽ  മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. വെടിയേറ്റ മാവോയിസ്റ്റുകൾ റിസോർട്ടിന് പിറകിലെ കാട്ടിലേക്ക് ഓടുകയായിരുന്നു. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഭക്ഷണവും പണവും ആവശ്യപ്പെട്ടുവെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios