കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങള്‍ക്കും മാസ്ക്കിനും ക്ഷാമമെന്ന് ഡോക്ടര്‍മാര്‍. ഈ സ്ഥിതി തുടര്‍ന്നാൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പടര്‍ന്നേക്കാമെന്നാണ് ആശങ്ക. എന്നാൽ ക്ഷാമം മറികടക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

ത്രിലയർ , ടു ലയർ മാസ്ക്കുകൾക്ക് ക്ഷാമമുള്ളതിനാല്‍ കര്‍ച്ചീഫോ തുണികൊണ്ടുള്ള മാസ്ക്കോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ഇഎസ്ഐ ആശുപത്രികള്‍ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും സർക്കുലർ നല്‍കിയിട്ടുണ്ട്. കെജിഎംഒ അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി മുന്നോട്ട് വന്നിട്ടുണ്ട്. 

അതേസമയം 20000 പേഴ്സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങളും 50000 എന്‍ 95 മാസ്ക്കുകളും ഇപ്പോള്‍ വിവിധ ആശുപത്രികളിലുണ്ടെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍റെ വിശദീകരണം. അടിയന്തരസാഹചര്യം നേരിടാനുള്ള കരുതൽ ശേഖരമുണ്ടെന്നും അവർ പറയുന്നു. ഇതിനിടെ ഒരുപാട് പേരില്‍ രോഗം വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവരുടെ ഡ്യൂട്ടി പുനക്രമീകരക്കണമെന്ന ആവശ്യവും മെഡിക്കൽ ജീവനക്കാരിൽ നിന്നും ഉയര്‍ന്നിട്ടുണ്ട്