Asianet News MalayalamAsianet News Malayalam

പിഎഫ്ഐ ഹ‍ര്‍ത്താൽ: ജപ്തി നടപടി വൈകുന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി; ഉടൻ പൂ‍ര്‍ത്തിയാക്കാൻ സർക്കാരിന് അന്ത്യശാസനം

നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23 നകം നൽകണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.

should complete popular front confiscation of properties immediately high court last warning to kerala government
Author
First Published Jan 18, 2023, 11:42 AM IST

കൊച്ചി : പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ വൈകിയതിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ എന്താണ് വിമുഖത എന്ന് ചോദിച്ച ഡിവിഷൻ ബ‌ഞ്ച്  ഈമാസം 23 നകം നടപടികൾ പൂർ‍ത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കർശന നിർദ്ദേശം നൽകി. ജപ്തിക്കായി നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

മിന്നൽ ഹർത്താലിനിടെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതാണ് കോടതി വിമർശനത്തിന് കാരണമായത്. ഉത്തരവ് നടപ്പാക്കാൻ എന്താണ് വിമുഖതയെന്ന് ചോദിച്ച കോടതി പൊതുമുതൽ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.

ഉടൻ തന്നെ ജപ്തി നടപടികൾ പൂർത്തീകരിച്ച് ഈ മാസം 23 നകം റിപ്പോർട്ട് സമർപ്പിക്കണം. ജപ്തി നടപടികൾക്ക് നോട്ടീസ് നൽകുന്നതിലെ അവ്യക്തത സർക്കാര്‍ പറഞ്ഞപ്പോൾ ഇനി നോട്ടീസ് നൽകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സിപി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ജില്ലാ അടിസ്ഥാനത്തിൽ ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടു കെട്ടി എന്നുള്ള റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു.

 നടപടികൾ വൈകിപ്പിച്ചതിന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി നിരുപാധിക മാപ്പപേക്ഷിച്ചിരുന്നു. ഈ മാസം 15 നകം ജപ്തി നടപടികൾ പൂർത്തീകരിക്കും എന്നും ഉറപ്പ് നൽകി. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഹൈക്കോടതി നിയോഗിച്ച ക്ലെയിം കമ്മീഷർക്ക് സൗകര്യ ഒരുക്കാത്തതിലും കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. മിന്നൽ ഹർത്താലാക്രമണത്തിൽ  പി.എഫ്.ഐയിൽ സംഘടനയിൽ നിന്നും  സംഘടനാ ഭാരവാഹികളിൽ നിന്നും 5. 2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും , തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്ദുൾ സത്താറിന്റെയടക്കം സ്വത്തുവകകൾ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബർ 29 ലെ ഇടക്കാല ഉത്തരവ്. എന്നാൽ സംഘടനയ്ക്ക് പല ജില്ലകളിലും സ്വത്ത് ഇല്ലെന്നും സംസ്ഥാന കമ്മിറ്റി ഓപീസ് പോലും വാടക കെട്ടടത്തിലാണെന്നുമാണ് സർക്കാർ റിപ്പോർട്ട്.

 


 

Follow Us:
Download App:
  • android
  • ios