തിരുവനന്തപുരം: കർശനവും കൃത്യവുമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളുകളിൽ അധ്യായനം നടത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡിജിറ്റൽ വിദ്യാഭ്യാസം മാത്രമാണ് കൊവിഡ് കാലത്തെ ഒരേ ഒരു പോംവഴി എന്ന നിലയിൽ ചിന്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. 

പല വിദേശരാജ്യങ്ങളിലും കൊവിഡ് വ്യാപനം തുടരുമ്പോൾ തന്നെ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിൽ അധ്യയനം നടക്കുന്നുണ്ട്. ആ നിലയിൽ കേരളവും ചിന്തിക്കണം. ക്ലാസ് മുറികളിലെ അധ്യയനത്തിൻ്റെ മൂന്നിലൊന്ന് ക്വാളിറ്റിയും റിസൽട്ടും മാത്രമേ ഡിജിറ്റൽ വിദ്യാഭ്യാസത്തിലുണ്ടാവുന്നുള്ളൂ.

കേരത്തിൽ പിന്നോക്കാവസ്ഥയിലും പിന്നോക്കമേഖലകളിലും കഴിയുന്ന ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഇപ്പോഴും അന്യമാണ് എന്ന അവസ്ഥ ലജ്ജാകരമാണെന്നും ഈ പ്രശ്നം പരിഹരിക്കാൻ എംഎൽഎ ഫണ്ട് ഉപയോ​ഗപ്പെടുത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം അപ്രാപ്യമായ വിദ്യാ‍ർത്ഥികളുടെ ദുരവസ്ഥ വ്യക്തമാക്കിയ  ഏഷ്യാനെറ്റ് ന്യൂസ് വാർത്താ പരമ്പര ഇ ക്ലാസിൽ ഹാജരുണ്ടോയുടെ ഭാ​ഗമായുള്ള പ്രത്യേക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിഡി സതീശൻ. 

വിഡി സതീശൻ്റെ വാക്കുകൾ - 

ഒരു വർഷമായി നമ്മൾ ഓൺലൈൻ ക്ലാസുകൾ നടത്തുകയാണ്. ഇന്ത്യയിലെങ്ങും ഈ സംവിധാനമാണ് ഇപ്പോൾ നിലനിൽക്കുന്നത്.എന്നാൽ വിദ്യാഭ്യാസരം​ഗത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനം എന്ന നിലയിൽ നമ്മുക്ക് അൽപം കൂടി മെച്ചപ്പെട്ട രീതിയിൽ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കാനാവും. ഇതിനോടകം ഒരു അധ്യായന വ‍ർഷം ഡിജിറ്റൽ ആയി പൂർത്തിയായി. മധ്യവേനൽ അവധി കഴിഞ്ഞ് അടുത്ത അധ്യായന വർഷം തുടങ്ങി. എൻ്റെ അഭിപ്രായത്തിൽ ആറ് മാസം കൂടുമ്പോൾ ഡിജിറ്റൽ വിദ്യാഭ്യാസസംവിധാനങ്ങൾ നാം വിലയിരുത്തണം. അതിൻ്റെ പോരായ്മകൾ പരിഹരിക്കണം.

ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള ശാസ്ത്ര സാഹിത്യപരിക്ഷത്തിൻ്റെ റിപ്പോർട്ട് ഞാൻ പരിശോധിച്ചു. ഏഴ് ലക്ഷം കുട്ടികൾ നിലവിൽ സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസ സംവിധാനത്തിന് പുറത്തു നിൽക്കുകയാണ്. സമൂഹത്തിലേറ്റവും പാർശ്വവത്കരിക്കപ്പെട്ട കുട്ടികളാണ് അവർ. ആദിവാസി വിഭാ​ഗത്തിലുള്ളവ‍ർ, പട്ടികജാതി പട്ടികവർ​ഗ്​ഗക്കാർ, തീരദേശത്തെ കുട്ടികൾ, പ്ലാൻ്റേഷനുകളിലെ കുട്ടികൾ. ഇവരിൽ പലർക്കും ഡിജിറ്റൽ ഡിവൈസുകളില്ല, ബ്രോഡ്ബാൻഡ്, ഇൻ്റർനെറ്റ് കണക്ഷൻ ഇല്ല. 

എൻ്റെ നിയോജകമണ്ഡലമായ പറവൂരിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സേവനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊച്ചി ന​ഗരത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലമായതിനാൽ എനിക്ക് എളുപ്പം അതു സാധിച്ചു. കമ്പനികളുടെ സിഎസ്ആർ ഫണ്ടും മറ്റും ഇതിനായി ഉപയോ​ഗിക്കാനായി. 300-ലേറെ കുട്ടികൾക്ക് ടിവിയും 200-ലേറെ കുട്ടികൾക്ക് ടാബും നൂറിലേറെ കുട്ടികൾക്ക് മൊബൈൽ ഫോണും വാങ്ങി നൽകി. എന്നാൽ എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാർക്ക് മാത്രം ഇതു സാധ്യമാകില്ല. 

സ്വന്തം അധ്യാപകർ തന്നെ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നുവെന്ന് ഉറപ്പാക്കണം. അതിനുള്ള സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണം. ആദ്യഘട്ടത്തിലെ ആവേശം കഴിഞ്ഞപ്പോൾ നാൽപ്പത് ശതമാനം കുട്ടികൾ വരെ ഡിജിറ്റൽ ക്ലാസുകളിൽ സ്ഥിരമായി എത്താത്ത അവസ്ഥയുണ്ടായി. ഈ പ്രശ്നവും നമ്മൾ അഡ്രസ് ചെയ്യേണ്ടതായിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരുന്ന് അധ്യായനം നടത്തിയാലുണ്ടാവുന്നതിൻ്റെ മൂന്നിലൊന്ന് റിസൽട്ട് ഡിജിറ്റൽ വിദ്യാഭ്യാസത്തിലുണ്ടാവില്ല എന്ന സത്യം നമ്മൾ തിരിച്ചറിയണം. 

 ട്യൂഷൻ എടുത്ത് ജീവിക്കുന്ന നിരവധി പേർ കേരളത്തിലുണ്ട്. അതു പോലും സർക്കാർ നിരോധിച്ചു. എംഎൽഎമാരുടെ ഫണ്ടിൽ നിന്നും ഡിജിറ്റൽ വിദ്യാഭ്യാസ ഉപകരണങ്ങളും സേവനങ്ങളും ഉറപ്പാക്കാൻ പണം അനുവദിക്കണം. അതിന് കൃത്യമായി ഒരു മാനദണ്ഡം കൊണ്ടു വന്നാൽ മതി. സ്കൂളുകളിലെ അധ്യാപകരുടെ സമിതി തെരഞ്ഞെടുത്ത കുട്ടികൾക്ക് ഡിജിറ്റൽ ഡിവൈസുകൾ ഉറപ്പാക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചാൽ മതി. അതു കഴിഞ്ഞ വർഷം പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. ഇപ്പോഴും ഞങ്ങൾ അക്കാര്യം ആവർത്തിക്കുകയാണ്. 

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളുകളിൽ റെ​ഗുലർ ക്ലാസുകൾ നടത്താനുള്ള സാധ്യത പരിശോധിക്കണം. വിദേശരാജ്യങ്ങളിലും മറ്റും ഈ ദിശയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്. ഓൺലൈൻ മാത്രമാണ് നമ്മുക്ക് മുന്നിലെ വഴി എന്ന നില പാടില്ല. മറ്റു രാജ്യങ്ങളിൽനിന്നും കേരളത്തിനുള്ള വ്യത്യാസം ജനസാന്ദ്രത ചില സ്ഥലത്ത് കൂടുതലാണ് എന്നതാണ്. പത്ത് ഡിവിഷനുകൾ വരെയുള്ള സ്കൂളുകൾ കേരളത്തിലുണ്ട്. അത്തരം സ്ഥലങ്ങളിൽ നമ്മുക്ക് ബുദ്ധിമുട്ടുണ്ടാവും എന്നാലും എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനെ നാം പരിശോധിക്കണം.