ഷുഹൈബ് വധക്കേസിൽ റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി അഭിനാഷിനെയാണ് സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. കേസിലെ 12–ാം പ്രതി പി കെ അഭിനാഷിന് മേൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ കൊലപ്പടുത്തിയ കേസിലെ പ്രതിയെ എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ഷുഹൈബ് വധക്കേസിൽ റിമാൻഡിലായി ജാമ്യത്തിൽ ഇറങ്ങിയ പ്രതി അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനം എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. കേസിലെ 12–ാം പ്രതി പി കെ അഭിനാഷിന് മേൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരുന്നത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് എടയന്നൂർ തെരൂരിൽ വെട്ടിക്കൊലപ്പെടുത്തിയത്. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ അഭിനാഷും ഭാഗമായിരുന്നുവെന്ന് പൊലീസ് കുറ്റപത്രം വ്യക്തമാക്കുന്നു. നേരത്തെ ഈ കേസിൽ ഉൾപ്പെട്ട 4 പേരെ സി പി എം പുറത്താക്കിയിരുന്നുവെങ്കിലും അഭിനാഷ് ഉൾപ്പെടെ ബാക്കിയുള്ളവർക്കെതിരെ നടപടി ഉണ്ടായിരുന്നില്ല.

അഭിനാഷിന് മേൽ കള്ളക്കേസ് ചുമത്തപ്പെട്ടതാണ് എന്നാണ് എസ് എഫ് ഐയുടെ വിശദീകരണം. എന്നാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കൊലയാളികളെ ആദ്യം പുറത്താക്കുകയും പിന്നീട് പ്രമോഷൻ നൽകുകയും ചെയ്യുന്ന സിപിഎം രീതിയാണ് വെളിച്ചത്ത് വന്നതെന്ന് ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി വിമര്‍ശിച്ചു.