കൊച്ചി: വിവാദമായ ഷുഹൈബ് വധക്കേസിന്റെ വിചാരണ നിർത്തിവച്ച് കേരള ഹൈക്കോടതി. ഷുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ ഷുഹൈബിന്റെ കുടുംബം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഷുഹൈബ് വധക്കേസ് പരിഗണിക്കുന്നത്.  കേസിലെ രണ്ട് കുറ്റപത്രങ്ങളും ഒന്നിച്ച് പരിഗണിക്കും. കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.  2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.