Asianet News MalayalamAsianet News Malayalam

Idukki Dam : ഇടുക്കി അണക്കെട്ട് തുറന്നു; ചെറുതോണിയുടെ ഷട്ടര്‍ 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തി

അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

Shutter Open At Idukki's Cheruthoni Dam After Idukki reservoir water level rise
Author
Idukki Dam, First Published Dec 7, 2021, 6:27 AM IST

ചെറുതോണി: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറന്നു. മൂന്നാം നമ്പര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്.

അതേ സമയം മുല്ലപ്പെരിയാർ ഡാമിൽ (Mullaperiyar Dam ) നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

അതേസമയം രാത്രി പത്തു മണിയോടെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയിരുന്നു. രാത്രി പത്ത് മണിക്ക് മൂന്ന് ഷട്ടർ അടച്ചാണ് വെള്ളത്തിന്‍റെ അളവിൽ തമിഴ്നാട് കുറവ് വരുത്തിയത്. മൂന്ന് ഷട്ടറുകൾ അടച്ചതോടെ തുറന്നു വിടുന്ന 8000 ഘനയടി ആയിരുന്നു.

നേരത്തെ ജലനിരപ്പ് ഉയർന്നതോടെ രാത്രിയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകൾ തമിഴ്നാട് കൂടുതൽ ഉയർത്തിയിരുന്നു. ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ (1.20m) അധികമായാണ് ഉയർത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios