തിരുവനന്തപുരം: ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ കുടുംബം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സന്ദർശിച്ചു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകൻ ശാന്തനുവുമാണ് കന്റോൺമെന്റ് ഹൗസിൽ എത്തി രമേശ് ചെന്നിത്തലയെ കണ്ടത്. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ തേടിയാണ് കേരളത്തിലേക്ക് വന്നതെന്ന് ശ്വേത ഭട്ട് പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ധാർമ്മിക പിന്തുണ തനിക്ക് വളരെയധികം ശക്തി പകരുന്നുണ്ട്. നീതിക്കായുളള പോരാട്ടത്തിന് പാർലമെന്റിലടക്കം യുഡിഎഫിന്റെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനീതിക്കായുള്ള പോരാട്ടത്തിലാണ് താനെന്നും ശ്വേത ഭട്ട് വ്യക്തമാക്കി.

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗുജറാത്തിൽ അരങ്ങേറിയ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് എന്നയാള്‍ ജയില്‍മോചിതനായതിന് പിന്നാലെ മരിച്ച കേസിലാണ് സഞ്ജീവ് ഭട്ടിന് ജയിൽ ശിക്ഷ വിധിച്ചത്.

ചോദ്യം ചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് പ്രഭുദാസ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ 11 സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സഞ്ജീവ് ഭട്ടിന് ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.