Asianet News MalayalamAsianet News Malayalam

അസുഖം ബാധിച്ച കോഴികളെ നിസാര വിലയ്ക്ക് എത്തിക്കുന്നു, ഓഫർ നൽകി വിൽക്കുന്നു: കോഴിക്കോട്ടെ ചിക്കൻ വ്യാപാര സമിതി

കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവന്നതാണ് ചത്തുപോകാൻ കാരണമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ല. അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കൻ വ്യാപാര സമിതി

sick chicken brought on discounted price sold on offer at calicut accuses merchants
Author
First Published Nov 14, 2022, 9:18 AM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ കാരണം വിശദീകരിച്ച് കോഴിക്കോട്ടെ ചിക്കൻ വ്യാപാര സമിതി. അസുഖം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസ്സാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ്  കാരണമെന്ന് ചിക്കൻ കടയുടമകൾ ആരോപിക്കുന്നു. ഇപ്പോൾ ചത്ത കോഴികളെ പിടികൂടിയ സിപിആർ ചിക്കൻ സ്റ്റാൾ ഉടമ വ്യാപകമായി  ഇങ്ങനെ  വിൽപ്പന നടത്തുന്നുണ്ടെന്നാണ് സമിതി നേതാക്കൾ ആരോപിക്കുന്നത്.

ഇത്തരക്കാർ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ  കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവന്നതാണ് ചത്തുപോകാൻ കാരണമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ല. അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കൻ വ്യാപാര സമിതി ആരോപിച്ചു.

സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പിനെതിരെ കോഴിക്കോട് കോർപറേഷൻ മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി.അടിയന്തര നടപടിയോ ഇടപെടലോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയില്ലെന്നാണ് മേയർ ആക്ഷേപിക്കുന്നത്. ചത്ത ഇറച്ചിക്കോഴികളെ വില്‍പ്പന നടത്തിയ സംഭവത്തിലാണ് മേയര്‍ മൃഗ സംരക്ഷണ വകുപ്പിനെ പഴിചാരുന്നത്. കാര്യക്ഷമമായ പരിശോധന നടത്താത്തതും നടപടി സ്വീകരിക്കാത്തതുമാണ് ഇത്തരം അലംഭാവങ്ങള്‍ക്ക്  കാരണമെന്ന് മേയര്‍ കുറ്റപ്പെടുത്തി.

സാംപിള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് മൃഗസംരക്ഷണ വകുപ്പാണ്. കോര്‍പറേഷന് ഇത്തരം സംവിധാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരിമിധിയുണ്ട്.ആരോഗ്യ വകുപ്പിന്‍റെ കൂടി സഹകരണത്തോടെ നടപ്പാക്കേണ്ട ബാധ്യത മൃഗസംരക്ഷണ വകുപ്പിനാണെന്നും മേയർ ചൂണ്ടിക്കാട്ടി.

അതേസമയം കണ്ടെടുത്ത ചത്തകോഴികളില്‍ ചിലതില്‍ ശ്വാസകോശ രോഗം കണ്ടെത്തിയിട്ടുണ്ട്.കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം ഇന്നും കോർപറേഷനിലെ ഇറച്ചിക്കടകളിൽ പരിശോധന തുടരും. ആരെങ്കിലും ഇനിയും ചത്ത കോഴികളെ വിൽക്കുന്നത് കണ്ടെത്തുകയാണെങ്കിൽ സംഭവത്തിൽ കുറ്റക്കാർക്ക് വലിയ തുക പിഴയീടാക്കും. ഇവരുടെ ലൈസൻസ് റദ്ദാക്കുമെന്നും മേയ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി ചത്ത ഇറച്ചിക്കോഴികളെ കണ്ടെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios