ദില്ലി: ഹഥ്റാസിലേക്കുളള യാത്രാ മധ്യേ യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സുപ്രീം കോടതിയാണ് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദേശമെന്ന് കോടതി നിർദ്ദേശിച്ചു.

ഉത്തർ പ്രദേശ് പൊലീസിന്റെ അകമ്പടിയോടെയാകും കാപ്പൻ കേരളത്തിൽ എത്തുക. കേരളാ പൊലീസും സുരക്ഷ ഒരുക്കണം. സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത
ഡോക്ടറെ കാണാം തുടങ്ങി കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നും കോടതി വ്യക്തമാക്കി.

കാപ്പന് അമ്മയെ കാണാൻ അഞ്ച് ദിവസത്തെ ജാമ്യം നൽകണമെന്നും കാപ്പന്റെ അമ്മ മരണശയ്യയിലാണെന്നും  കപിൽ സിബൽ കോടതിയോടെ അവശ്യപ്പെട്ടപ്പോൾ തുഷാർമേത്തയും യുപി സർക്കാരും ഇതിനെ എതിർത്തു. ജാമ്യാപേക്ഷയിൽ നാളെ മാത്രമേ നിലപാട് വ്യക്തമാക്കാനാകൂ എന്നായിരുന്നു യുപി സർക്കാരിന്റെ നിലപാട്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി
മാനുഷിക പരിഗണന വെച്ച് കാര്യങ്ങൾ കാണണമെന്നും തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. 

മാനുഷിക പരിഗണന വെച്ച് കാപ്പനെ അമ്മയെ കാണാൻ അനുവദിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു. എന്നാൽ കാപ്പൻ മാധ്യമ പ്രവർത്തകൻ അല്ല എന്നും കേരളത്തിൽ കാപ്പന് വേണ്ടി പോസ്റ്ററുകൾ വെച്ച് പണം പിരിക്കുകയാണെന്നും കാപ്പന്റെ ഭാര്യയടക്കം ഇതിനായി പ്രവർത്തിക്കുകയാണെന്നും യുപി പൊലീസ് കോടതിയിൽ വാദിച്ചു. തുടർന്ന് മാനുഷിക പരിഗണന വെച്ച് കാര്യങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.  ജാമ്യത്തിലിറങ്ങുന്ന കാപ്പൻ വീടിന് പുറത്തിറങ്ങരുതെന്ന് യുപി പൊലീസ് ആവശ്യപ്പെട്ടെങ്കിലും കാപ്പനെ ജയിലിലേക്ക് അല്ല അയക്കുന്നത് എന്ന് കോടതി പ്രതികരിച്ചു.