മയബന്ധിതമായി നടപടി എടുത്തില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. എം ആർ ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ പുറത്താക്കിയിരുന്നു.

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണത്തിൽ മുൻ വിസി എം ആർ ശശീന്ദ്രനാഥിന് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. ഗവർണ്ണർ നിയോഗിച്ച ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷൻ്റേതാണ് കണ്ടെത്തൽ. സംഭവം മറച്ച് വെച്ച് കുറ്റവാളികളെ ഒരു വിദ്യാർത്ഥി സംഘടന സഹായിച്ചെന്നും എസ്എഫ്ഐയുടെ പേര് പറയാതെ റിപ്പോർട്ടിൽ വിമർശിക്കുന്നുണ്ട്.

സിദ്ധാർത്ഥൻ മരിച്ച് അഞ്ച് മാസം പിന്നിടുമ്പോഴാണ് ഗുരുതര കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഗവർണ്ണർക്ക് കൈമാറിയത്. സിദ്ധാർത്ഥന്റെ മരണദിവസം മുൻ വിസി എം ആർ ശശീന്ദ്രനാഥ് ക്യാമ്പസിലുണ്ടായിരുന്നു. എന്നിട്ടും സമയബന്ധിതമായി ഒരു നടപടിയുമുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ആരും വിവരമറിച്ചില്ലെന്ന് പറഞ്ഞ് വിസിക്ക് ഒഴിഞ്ഞുമാറാനാകില്ല. സിദ്ധാർത്ഥന്റെ മരണത്തിന് മുമ്പും ക്യാമ്പസിൽ റാഗിംങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്നും ഒരു നടപടിയുമുണ്ടായില്ല. ഹോസ്റ്റൽ വാർഡനെന്ന നിലയിൽ ഡീൻ ഒരു ചുമതലയും നിറവേറ്റിയില്ല. അസി. വാർഡനെ ഏൽപ്പിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിക്കുന്നത് വിദ്യാർത്ഥികൾ അസി. വാർഡനെ അറിയിച്ചിരുന്നു. വാർഡൻ തിരിഞ്ഞുനോക്കിയില്ല. മുതിർന്ന വിദ്യാർത്ഥികളായിരുന്നു ഹോസ്റ്റൽ ഭരിച്ചത്. പുറത്ത് നിന്നുള്ള സഹായത്തോടെ ഒരു വിദ്യാ‍ർത്ഥി സംഘടനയ്ക്ക് സംഭവത്തിന്റെ ഗൗരവം മറച്ചുവയ്ക്കാനായെന്നും, കുറ്റവാളികളെ സഹായിച്ചെന്നം കമ്മീഷൻ കണ്ടെത്തലുണ്ട്.

തുടക്കം മുതൽ മുൻ വിസിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്. അതിനിടെയായിരുന്നു വിസിയെ പുറത്തക്കിയുള്ള ഗവർണറുടെ അസാധാരണ നടപടി. സർലകലാശാല ചട്ടം പ്രയോഗിച്ചാണ് ജസ്റ്റിസ് എ ഹരിപ്രസാദ് അധ്യക്ഷനായ കമ്മീഷനെ ഗവർണർ അന്വേഷണത്തിന് നിയോഗിച്ചത്. 28 പേരുടെ മൊഴിയാണ് കമ്മീഷൻ രേഖപ്പെടുത്തിയത്.

രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി. പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിടുകയായിരുന്നു.