''സന്തോഷിക്കാനോ ആശ്വസിക്കാനോ തങ്ങള്‍ക്കാകില്ല, മകൻ നഷ്ടപ്പെട്ട വേദന തീരില്ല, ഇപ്പോഴും പൊലീസിന്‍റെ പ്രതിപ്പട്ടികയിലോ ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടിലെ ഉള്‍പ്പെടാത്ത പ്രതികളുണ്ട്, അവര്‍ക്കെല്ലാം എതിരെ നടപടിയുണ്ടാകണം''

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാര്‍ത്ഥിന്‍റെ അച്ഛനും അമ്മാവനും. ഉത്തരവില്‍ തൃപ്തിയുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ വിശ്വാസവും പ്രതീക്ഷയുമുണ്ടെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം സന്തോഷിക്കാനോ ആശ്വസിക്കാനോ തങ്ങള്‍ക്കാകില്ല, മകൻ നഷ്ടപ്പെട്ട വേദന തീരില്ല, ഇപ്പോഴും പൊലീസിന്‍റെ പ്രതിപ്പട്ടികയിലോ ആന്‍റി റാഗിംഗ് സ്ക്വാഡ് റിപ്പോര്‍ട്ടിലെ ഉള്‍പ്പെടാത്ത പ്രതികളുണ്ട്, അവര്‍ക്കെല്ലാം എതിരെ നടപടിയുണ്ടാകണം, അന്വേഷണം അട്ടിമറിക്കും എന്നത് ഉറപ്പായിരുന്നു, തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു, പൊലീസോ ഡീനോ എല്ലാം പറഞ്ഞ പല കാര്യങ്ങളും വിശ്വസനീയമല്ലായിരുന്നു, മൂന്ന് ദിവസമായി ആഹാരം കഴിക്കാത്ത- ക്രൂരമായ മര്‍ദ്ദനമേറ്റ സിദ്ധാര്‍ത്ഥ് വെന്‍റിലേഷനില്‍ തൂങ്ങി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്നും ഇരുവരും പറഞ്ഞു.

തങ്ങള്‍ തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നു, അങ്ങനെ കിട്ടിയ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് അടക്കം പരസ്യമായി വെളിപ്പെടുത്തി. ഇങ്ങനെ ആദ്യം മുതലേ ഉറച്ച നിലപാട് പാലിച്ചത് ഫലം കണ്ടെന്നും ഇരുവരും വ്യക്തമാക്കി.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ജാതി-മതഭേദമില്ലാതെ കേരളത്തിലെ നിരവധി മനുഷ്യരും തങ്ങള്‍ക്കൊപ്പം നിന്നുവെന്നും സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ ജയപ്രകാശ്. 

Also Read:- സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ വിളിച്ചു; നിരാഹാരസമരം അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo