കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയിൽ വിരുദ്ധ സമര സമിതി

ആലുവ: ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയിൽ വിരുദ്ധ സമരസമിതി. പദ്ധതിയെ എതിർക്കുമെന്ന് സമരസമിതി കൺവീനർ എസ് രാജീവൻ വിശദമാക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തിൽ നിലവിലുള്ള റെയിൽപാത ഇരട്ടിപ്പിച്ചാൽ മതി. ബ്രോഡ്ഗേജ് സംവിധാനത്തിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയിൽ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്.

കേരളത്തിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ അടക്കം കാര്യങ്ങൾ കൊണ്ടുവരും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാൽ ഞങ്ങൾ അദ്ദേഹത്തെ കാണും. സിൽവർ ലൈനിൽ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ റെയിൽ വിരുദ്ധ സമരസമിതി മുന്നോട്ട് വയ്ക്കുന്നു. ഇത് സംബന്ധിയായി അടുത്ത ദിവസം ആലുവയിൽ യോഗം ചേരുമെന്നും കെ റെയിൽ വിരുദ്ധ സമരസമിതി വിശദമാക്കി.

ഇ ശ്രീധരൻ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയതോടെ വീണ്ടും അതിവേഗ റെയിൽ പാതയ്ക്കായുള്ള നീക്കങ്ങൾക്ക് വേഗമേറിയിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ മൂന്ന് മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് ഓടി എത്താവുന്ന പാതയാണ് ഇപ്പോൾ പരിഗണനയിലുള്ളത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടാകും പാത വരിക. പാതയുടെ ഏകദേശം 70 ശതമാനത്തോളം തൂണുകളിലൂടെയുള്ള എലിവേറ്റഡ് പാതയായും 20 ശതമാനത്തോളം ഭൂഗര്‍ഭ പാതയുമാകും നിർമ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്ററാകും പരമാവധി വേഗം. ഇപ്പോൾ പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് 86,000 കോടി രൂപയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം