തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് മെല്ലെപ്പോക്ക്. സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണിത്. പ്രതിപക്ഷ രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾക്കൊപ്പം പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്.

തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് നാലുമണിക്കൂറിലെത്താനുള്ള അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍വ്വേ പൂര്‍ത്തിയാക്കി അലൈന്‍മെൻറും തയ്യാറായിരുന്നു. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് തത്വത്തില്‍ അനുമതിയും കിട്ടി. പ്രശ്നങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നു പോകുന്ന പദധതിക്കെതിരെ പലയിടത്തും സമര സമിതികള്‍ രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം കടുപ്പിച്ചു. 

സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ സ്വകാര്യ ഏജന്‍സികളെ നിയോഗിക്കാനുള്ള തീരുമാനം ഭരണകക്ഷിയായ സിപിഐയുടെ എതിര്‍പ്പിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. സ്ഥലമേറ്റെടുപ്പിനുള്ള സമിതികളുടെ രൂപീകരണം ഇപ്പോഴും പൂർത്തിയായിട്ടില്ല. അതിവേഗ റെയില്‍ പദ്ധതി പ്രയോഗികമല്ലെന്നായിരുന്നു കഴിഞ്ഞ  യുഡിഎഫ് സര്‍ക്കാരിന്‍റെ  നിലപാട്.

പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം എല്ലാ ജില്ലകളിലും സാമൂഹ്യഘാത പഠനം നടത്തും. എതിര്‍പ്പുയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുമായി ചര്‍ച്ചനടത്തും. ഈ കടമ്പ കടന്നാലും സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വർഷമെങ്കിലും വേണ്ടി വരും.ഈ സര്‍ക്കാരിന്‍റെ കാലാവധിക്കുള്ളില്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിയുടെ തുടക്കം ട്രാക്കിലാകില്ലെന്നുറപ്പാണ്. 

അതേസമയം സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സിൽവര്‍ ലൈൻ റെയിൽ പദ്ധതി കൺസൽട്ടൻസി പണം തട്ടാനുള്ള തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേന്ദ്ര അനുമതിയോ പാരിസ്ഥിതിക പഠനമോ റെയിൽവെ ബോര്‍ഡിന്റെയോ നീതി ആയോഗിന്റെയോ അനുമതിയോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാനൊരുങ്ങുന്നത്. അനുമതി ഇല്ലാത്ത പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ റവന്യൂ വകുപ്പും എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.

തിരുവനന്തപുരം കാസര്‍കോട് സിൽവര്‍ ലൈൻ റെയിൽ പാതക്ക് ആകെ ചെലവ് 64941 കോടി രൂപയാണ്.  മുഖ്യമന്ത്രി ചെയർമാനായ കേരള റെയിൽ ഡവലപ്മെൻറ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഉപേക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ട പദ്ധതിയുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്ക് 13000 കോടി കേന്ദ്രമാണ് നൽകേണ്ടത്. 

കേന്ദ്രം വേണ്ടെന്ന് പറഞ്ഞ പദ്ധതിയുമായി പകുതിയിൽ കൂടുതൽ തുക മുടക്കേണ്ടത് കേന്ദ്രമാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും ചെന്നിത്തല ചോദിച്ചു. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിക്ക് എങ്ങനെയാണ് വിദേശ സഹായം ലഭിക്കുക. റെയിൽവെ മന്ത്രാലയത്തിന്റെയോ വകുപ്പിന്റേയോ അനമുതിയില്ലാതെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകരുതെന്ന റവന്യു വകുപ്പ് നിര്‍ദ്ദേശവും മറികടന്നാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നു.