കാസര്‍കോട്: ആളും ആരവുമില്ലാതെ കുമ്പള കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനീഷും കണ്ണൂര്‍  ശ്രീകണ്ഠാപുരം സ്വദേശി ശ്രീജിഷയും കൊവിഡ് കാലത്ത് പുതു ജീവിതത്തിന് തുടക്കമിട്ടു. വിവാഹം നിശ്ചയിക്കുമ്പോള്‍ ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല ചടങ്ങുകള്‍ ഇത്രയും ലളിതമായിരിക്കുമെന്ന്.

എന്നാല്‍ കൊവിഡ് കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന രീതിയില്‍ വിവാഹം ക്രമീകരിച്ചതിന്‍റെ നിറഞ്ഞ സന്തോഷത്തിലാണ് ഇരുവരും. വിവാഹത്തിന് പിന്നാലെ  ദമ്പതികള്‍ക്ക് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ സ്നേഹ വിരുന്ന് ക്രമീകരിച്ചത് ഇരട്ടി മധുരമായി. കേക്കുമുറിച്ചും പാട്ടു പാടിയുമായിരുന്നു സഹപ്രവര്‍ത്തകരുടെ സ്‍നേഹം പങ്കുവെക്കല്‍. നടി മഞ്ജുവാര്യര്‍ ഫോണില്‍ വിളിച്ച് ആശംസയറിയിച്ചതും ദമ്പതികള്‍ക്ക് ഇരട്ടി മധുരമായി.