തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയില്‍ പ്രതികള്‍ രക്ഷപ്പെട്ടതില്‍ പൊലീസിനെ പഴിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് മറുപടിയുമായി മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്. 2006 - ൽ ഈ യൂണിവേഴ്സിറ്റി കോളേജിൽ കയറിയത് ആരാ?? എന്ന കുറിപ്പോടെ ടി പി സെന്‍കുമാര്‍ ഷെയര്‍ ചെയ്ത വീഡിയോയാണ് സിന്ധു ജോയിയെ ചൊടിപ്പിച്ചത്. അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണെന്നാണ് സിന്ധു ജോയി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണെന്ന് സിന്ധു ഓര്‍മ്മിപ്പിക്കുന്നു. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടതെന്ന് ഫേസ്ബുക്ക് കുറിപ്പ് വിശദമാക്കുന്നു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്! ഈ വീഡിയോയിൽ താങ്കളുമായി വാക്കുതർക്കം നടത്തുന്ന വിദ്യാർത്ഥി നേതാവ് ഞാനാണ്. യാഥാർഥ്യം ഇങ്ങനെയാണ്. 2006 ലെ ഒരു പരീക്ഷാക്കാലം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലായിരുന്നു ഞാനപ്പോൾ. അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ. മറുഭാഗത്ത് പെൺകുട്ടികളുടെ കരച്ചിൽ. ‘യൂണിവേഴ്‌സിറ്റി കോളേജിൽ പോലീസ് കയറി, പരീക്ഷയെഴുതുന്ന ക്‌ളാസ് മുറികളുടെ പുറത്തുപോലും പോലീസ് പരാക്രമം’ ഇതായിരുന്നു സന്ദേശം. ഇതറിഞ്ഞ ഞാൻ സംസ്ഥാന സെക്രട്ടറി എം സ്വരാജിനൊപ്പം യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടി. തലയിൽ ചട്ടിത്തൊപ്പിയുമായി മുൻനിരയിലുണ്ടായിരുന്നു നിങ്ങൾ. ഞങ്ങളുടെ എതിർപ്പിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പിൻവാങ്ങുന്ന നിങ്ങളുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു. തലകുമ്പിട്ട് മടങ്ങുന്ന നിങ്ങളുടെ ദൃശ്യങ്ങൾ ചാനലുകളിലും ഉണ്ടായിരുന്നു. താങ്കൾ ഇപ്പോൾ ഷെയർ ചെയ്ത വീഡിയോയുടെ അടുത്തഭാഗം അതാണ്. വിജയിച്ചു മുന്നേറിയ ഹീറോയെ അല്ല, തോറ്റമ്പുന്ന സേനാനായകനെയാണ് അവിടെക്കണ്ടത്. ആ വീഡിയോയുടെ ഇത്തിരികക്ഷണം പൊക്കിപ്പിടിച്ച് ഹീറോ ചമയുന്നത് അല്പത്തമാണ് സെൻകുമാർ! ഇറക്കിവിട്ടതിനു പ്രതികാരമായി ഞങ്ങൾക്കെതിരെ താങ്കൾ കേസെടുത്തിരുന്നു; ‘പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നായിരുന്നു’ കുറ്റം. ഇതിന് സാക്ഷികളായ അനേകം മാധ്യമപ്രവർത്തകർ ഇപ്പോഴും തിരുവനന്തപുരത്തുണ്ട്. ഇത്തവണ നാട്ടിൽനിന്ന് മടങ്ങുമ്പോൾ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകങ്ങളിലൊന്ന് താങ്കളുടെ ആത്മകഥ ‘എന്റെ പോലീസ് ജീവിതം’ ആയിരുന്നു. അതിന്റെ 115, 116 പേജുകളിലും ഈ സംഭവം വലിയ ഹീറോയിസമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ടുമൂന്നിടത്ത് എന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഒരു നുണ പലകുറി ആവർത്തിച്ചാൽ സത്യമാകുമെന്ന് താങ്കൾ എവിടെയാണ് പഠിച്ചത്? പോലീസ് അക്കാദമിയിൽ നിന്ന് ആകാനിടയില്ല.