നമുക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയും ആദരവും ഐക്യദാർഢ്യവും അറിയിക്കുന്നു. എസ്ഐആറിനെതിരായ പ്രതിഷേധത്തിനും എസ്ഐആറിനെതിരേ നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും ഐക്യദാർഢ്യം. ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക

തിരുവനന്തപുരം: എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി ​ഗായകൻ ജോബ് കുര്യൻ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ജോബ് കുര്യൻ ഐക്യദാർഢ്യം അറിയിച്ചത്.

പറയാതെ വയ്യ, നമുക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയും ആദരവും ഐക്യദാർഢ്യവും അറിയിക്കുന്നു. എസ്ഐആറിനെതിരായ പ്രതിഷേധത്തിനും എസ്ഐആറിനെതിരേ നിലകൊള്ളുന്ന പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും ഐക്യദാർഢ്യം. ജനാധിപത്യത്തെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക- എന്നാണ് ജോബ് കുര്യൻ കുറിച്ചത്. ഇതിനൊപ്പം വിശദമായ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന് വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണം. അതിന്റെ വിശ്വാസ്യത വീണ്ടെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലായ്പ്പോഴും സ്വതന്ത്രമായും സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങാതെയും പ്രവർത്തിക്കണം. ​ഗ്യാനേഷ്കുമാറിന്റെ പ്രവർത്തനങ്ങളിൽ തനിക്ക് ആശങ്കകളുണ്ട്. അദ്ദേഹം തീർച്ചയായും പദവി ഒഴിയണമെന്നാണ് താൻ വിശ്വസിക്കുന്നത്. സർക്കാരിനെ ചോദ്യംചെയ്യുന്നത് ഒരിക്കലും രാജ്യവിരുദ്ധതയല്ലെന്നും ജോബ് കുര്യൻ പറഞ്ഞു.

ഇതിനൊപ്പം ബിജെപി സർക്കാരിനെതിരേ പരോക്ഷമായ വിമർശനവും ഉന്നയിച്ചു. വർ​ഗീയവിദ്വേഷം പരത്തുന്നതും മുൻകാലത്തെ നേതാക്കളെ കുറ്റപ്പെടുത്തുന്നതും സ്ഥലങ്ങളുടെ പേരുമാറ്റുന്നതും ഭാഷകൾ അടിച്ചേൽപ്പിക്കുന്നതും ഭക്ഷണനിരോധനം നടപ്പിലാക്കുന്നതും സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടാൻ സഹായിക്കില്ല. ഇതെല്ലാം യഥാർഥ പ്രശ്നങ്ങളിൽനിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുള്ള ഒരു പരാജയപ്പെട്ട സർക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രങ്ങളാണെന്ന് നാം മനസിലാക്കണമെന്നും ജോബ് കുര്യന്റെ പോസ്റ്റിലുണ്ട്.