വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടിൽവെച്ച് വീരമണി പീഡിപ്പിച്ചെന്നാണ് 11-ാമത്തെ പെൺകുട്ടിയുടെ മൊഴി. ഇതനുസരിച്ചാണ് പൊലീസ് പുതിയ കേസ് കൂടി രജിസ്റ്റർചെയ്തത്. അതിനിടെ, വീരമണിയുടെ മാനേജർ ശക്തിവേലിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു.
ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസും രജിസ്റ്റർചെയ്തു. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) വീരമണിക്കെതിരേ പുതിയ പോക്സോ കേസ് രജിസ്റ്റർചെയ്തത്. അതിക്രമത്തിനിരയായ മറ്റൊരു പെൺകുട്ടി കൂടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ 11 പെൺകുട്ടികളാണ് വീരമണിക്കെതിരേ മൊഴി നൽകിയിട്ടുള്ളത്.
വീരമണിയുടെ കൂട്ടാളിയും കേസിലെ മറ്റൊരു പ്രതിയുമായ ശാന്തിയുടെ വീട്ടിൽവെച്ച് വീരമണി പീഡിപ്പിച്ചെന്നാണ് 11-ാമത്തെ പെൺകുട്ടിയുടെ മൊഴി. ഇതനുസരിച്ചാണ് പൊലീസ് പുതിയ കേസ് കൂടി രജിസ്റ്റർചെയ്തത്. അതിനിടെ, വീരമണിയുടെ മാനേജർ ശക്തിവേലിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വീരമണിയെ രക്ഷിക്കാൻ ശ്രമിച്ചതിനാണ് ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പണമിടപാടുകളടക്കം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനാണ് തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായിയായ വീരമണി അറസ്റ്റിലായത്. വീരമണി പെൺകുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീരമണിക്ക് ഒത്താശചെയ്തുനൽകിയ കൂട്ടാളികളായ ശാന്തിയെയും ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടികളെ എത്തിച്ചുനൽകിയ മൂന്ന് ഡ്രൈവർമാരും പിടിയിലായി. ഇവരെല്ലാം ജയിലിലാണ്. അതേസമയം, കഴിഞ്ഞദിവസം രണ്ടാമത്തെ പോക്സോ കേസുമായി ബന്ധപ്പെട്ട് വീരമണിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. രണ്ടുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പോക്സോ കേസുകളിൽ എസ്ഐടിയുടെ വിശദമായ അന്വേഷണവും തെളിവ് ശേഖരണവും തുടരുകയാണ്.


