വയനാട്: സംസ്ഥാന വനിതാ കമ്മീഷനെ വിമർശിച്ച് സിസ്റ്റർ ലൂസി കളപ്പുര. നീതികിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്, കമ്മീഷന്റെ ഹിയറിങ്ങിന് ഹാജരാകാതിരുന്നതെന്ന് ലൂസി കളപ്പുര. സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണ് കമ്മീഷൻ അധ്യക്ഷ തനിക്കെതിരെ രംഗത്ത് വന്നതെന്നും സിസ്റ്റർ ലൂസി കളപ്പുര തുറന്നടിച്ചു. വനിതാ കമ്മീഷൻ സംസാരിക്കുന്നത് സഭാ അനുകൂലികൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ സിസ്റ്റർ ലൂസി വത്തിക്കാനൊപ്പം കമ്മീഷനും തന്നെ അവഗണിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. നീതി ലഭിക്കുമെന്നുറപ്പുണ്ടെങ്കില്‍ ഇനിയും പരാതി നല്‍കുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലടക്കം കടുത്ത അപവാദ പ്രചാരണമുണ്ടായിട്ടും വനിതാ കമ്മീഷൻ ഇടപെട്ടില്ലെന്ന സിസ്റ്റ‌ർ ലൂസി കളപ്പുരയുടെ പ്രസ്താവനയോടെയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം. നാല് തവണ ഹിയറിംഗിന് വിളിച്ചിട്ടും സിസ്റ്റർ ലൂസി കളപ്പുരം ഹാജരായില്ലെന്നും, സാധാരണ ​ഗതിയിൽ വാദിക്ക് രണ്ട് തവണ മാത്രമാണ് ഹാജരാകാൻ സമയം നൽകാറെന്നുമാണ് വനിതാ കമ്മീഷൻ ഇതിന് മറുപടിയായി പറഞ്ഞത്, സഭ അധികൃതരടക്കം സിസ്റ്റർ ലൂസി കളപ്പുരയെ സമൂഹമാധ്യമങ്ങളില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഈ പ്രതികരണം.

സാധാരണ നാല് തവണ മാത്രമാണ് ഒരു വാദിക്ക് ഹാജരാകാൻ അവസരം നൽകാതിരുന്നതെന്ന് പറഞ്ഞ എം സി ജോസഫൈൻ, കമ്മീഷന്‍റെ സമയവും ഊർജ്ജവും നഷ്ടമാക്കാനാവില്ലെന്നും പറയുകയുണ്ടായി. വനിതാ കമ്മീഷനിൽ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് ഹിയറിം​ഗിന് ഹാജരാകാതിരുന്നതെന്നായിരുന്നു ഇതിനോടുള്ള സിസ്റ്റ‌‌ർ ലൂസി കളപ്പുരയുടെ പ്രതികരണം. താന്‍ കഴിഞ്ഞ ഒരു വർഷമായി സഭാ അധികൃതരില്‍നിന്നടക്കം കടുത്ത ദ്രോഹമാണ് നേരിടുന്നത്. നിരവധിതവണ ഫോണിലൂടെയും ഇമെയില്‍വഴിയും വനിതാ കമ്മീഷനടക്കമുള്ളവരോട് നീതിക്കായി കേണു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. സിസ്റ്റ‌‌ർ ലൂസി കളപ്പുര പറയുന്നു.

ആദ്യം തനിക്ക് അനുകൂലമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ വത്തിക്കാന്‍ തന്‍റെ അപ്പീല്‍ തള്ളിയ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത് സഭാ അനുകൂലികളെ തൃപ്തിപ്പെടുത്താനാണെന്നും സിസ്റ്റർ ലൂസി ആരോപിക്കുന്നു. വനിതാ കമ്മീഷന്‍ നീതി ലഭ്യമാക്കിത്തരുമെന്ന് ഉറപ്പുനല്‍കുകയാണെങ്കില്‍ വീണ്ടും പരാതി നല്‍കാന്‍ താന്‍ തയാറാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

സഭാചട്ടങ്ങള്‍ക്ക് വിരുദ്ദമായി ജിവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്‍ സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കികൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ സിസ്റ്ററുടെ അപ്പീല്‍ കഴിഞ്ഞയാഴ്ച വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളി. ഇതിനെതിരെ സഭാ അധികൃതർക്ക് വീണ്ടും അപ്പീല്‍ നല്‍കാന് തയ്യാറെടുക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര.