പ്രമോദ് കൊടും ക്രൂരത ചെയ്തത് സഹോദരിമാരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാൽ എന്ന് സംശയം. ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്.
കോഴിക്കോട്: തടമ്പാട്ടുതാഴത്തെ വയോധിക സഹോദരിമാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനായി (60) ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചേവായൂർ പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. സഹോദരിമാരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് പ്രമോദ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം.
പ്രമോദ് കൊടും ക്രൂരത ചെയ്തത് സഹോദരിമാരെ പരിചരിക്കാൻ ആരും ഇല്ലാത്തതിനാൽ എന്ന് സംശയം. ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. മൂന്ന് സഹോദരങ്ങളും അവിവാഹിതരാണ്. കരിക്കാംകുളത്ത് വാടക വീട്ടിലായിരുന്നു താമസം.
കരിക്കാംകുളം ഫ്ലോറിക്കന്‍ റോഡില്‍ മൂന്ന് വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെ ഇന്നലെ രാവിലെയാണ് രണ്ട് മുറികളിലായി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന്‍ പ്രമോദും ഇവരുടെ കൂടെയായിരുന്നു താമസം. ഒരു സഹോദരി മരിച്ചെന്നും വീട്ടിലെത്തണമെന്നും രാവിലെ അഞ്ചരയോടെ പ്രമോദ് ബന്ധുക്കളിലൊരാളെ വിളിച്ചറിയിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ വന്ന് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ള പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രമോദിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
പ്രമോദ് ഫോണ്‍ സ്വിച്ചോഫ് ആക്കുന്നതിന് മുമ്പ് ഫറോക്ക് ഭാഗത്തുണ്ടായിരുന്നെന്നാണ് വിവരം. വിവാഹിതരല്ലാത്ത മൂന്നു പേരും ബന്ധുക്കളില്‍ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. രണ്ട് സഹോദരിമാരും വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. സഹോദരനായിരുന്നു ഇവരെ പരിചരിച്ചിരുന്നത്. മൂന്നു പേരും സ്നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രമോദ് നാട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിന് ഒരു ദിവസം മുൻപ് പ്രമോദിനെ കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നും അയൽവാസി പറഞ്ഞു.



