ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കാനാണ് എസ്ഐടിയുടെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. 

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. വിശദമായ ചോദ്യം ചെയ്യലിന് ഇരുവരെയും രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കൊള്ളയിൽ ഉന്നതരുടെ പങ്ക് അടക്കം അന്വേഷിക്കുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. കട്ടിളപ്പാളി കേസിലും ദ്വാരപലക കേസിലും മുരാരി ബാബു പ്രതിയാണ്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ തീരുമാനം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് മുരാരിബാബുവിൻ്റെ വാദം. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ അടക്കം മുരാരി ബാബുവിന് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. മറ്റൊരു പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തി യുഡിഎഫ് എംപിമാർ ഇന്ന് പാർലമെൻറ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആൻറോ ആൻറണിക്കാണ് പ്രതിഷേധത്തിൻറെ ഏകോപനം. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് യുഡിഎഫ് നീക്കം. നേരത്തെ കെസി വേണുഗോപാലും ഹൈബി ഈഡനും വിഷയം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. രാജ്യസഭയിൽ ഇന്ന് എസ്ഐആർ വിഷയത്തിലെ ചർച്ച തുടരും. ലോക്സഭയിൽ ധനവിനിയോഗ ബിൽ ചർച്ചയ്ക്കെടുക്കും.