കോൺഗ്രസ് പുറത്താക്കിയാൽ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോൾ പ്രസക്തമാല്ലെന്നും യെച്ചൂരി പറഞ്ഞു.
കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ (K V Thomas) സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിലേക്ക് (Party Congress Seminar) ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധി എന്ന നിലയിലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). കോൺഗ്രസ് പുറത്താക്കിയാൽ കെ വി തോമസിനെ സംരക്ഷിക്കുമോ എന്ന ചോദ്യം ഇപ്പോൾ പ്രസക്തമാല്ലെന്നും യെച്ചൂരി പറഞ്ഞു.
സ്റ്റാലിനെ പ്രശംസിച്ചു എന്ന വാർത്തകൾ ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിൻ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോൺഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവർ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന വിഷയത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാർ.
സിപിഎം വേദിയിൽ കെ വി തോമസ് എന്താകും പറയുകയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. എഐസിസി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസിനെതിരെ, കോൺഗ്രസിന്‍റെ നടപടിയും ഉടൻ ഉണ്ടാകും. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയിൽ ഉയർന്നിട്ടുള്ളത്.
ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. ഹർഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവർത്തകർ സ്വീകരിച്ചത്. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്നായിരുന്നു ചുവന്ന ഷാൾ അണിയിച്ചതിനെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ കെ വി തോമസ്, പിണറായി കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരിലൊരാലാണെന്നും പല കാര്യങ്ങൾക്കായി ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ടെന്നും വ്യക്തമാക്കുന്നു.
