തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ പിടിയിലായ മുഖ്യപ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം കൺഡോൺമെന്‍റ് പൊലീസാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. മുഖ്യപ്രതികളിൽ ഒരാളായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വൻ വിവാദമായിരുന്നു. സര്‍വ്വകലാശാലയുടെ പരീക്ഷാ നടത്തിപ്പിന്‍റെയും  പിഎസ്‍സിയുടെ പ്രവര്‍ത്തനത്തിന്‍റെയും വിശ്വാസ്യത വരെ ചോദ്യം ചെയ്ത സംഭവത്തിൽ പക്ഷെ വിചിത്രമായ വിശദീകരണമാണ് ശിവരഞ്ജിത്ത് പൊലീസിന് നൽകിയതെന്നാണ് വിവരം. 

യൂണിവേഴ്സിറ്റി കോളേജിലെ ഓഫീസ് മുറി വൃത്തിയാക്കിയപ്പോൾ കിട്ടിയ ഉത്തരക്കടലാസുകളാണ് വീട്ടിൽ കൊണ്ടുപോയതെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്. നാക്കിന്‍റെ പരിശോധനാ സംഘം എത്തുന്നതിന് മുന്നോടിയായി കോളേജിലെ ഓഫീസ് മുറി ഫര്‍ണിച്ചറുകൾ അടക്കം പുറത്തിട്ട് വൃത്തിയാക്കിയിരുന്നു. ഇതിനിടയ്ക്കാണ് ഉത്തരക്കടലാസുകൾ കണ്ണിൽ പെട്ടത്. ജീവനക്കാരിൽ ഒരാളോട് വലിയ പക മനസ്സിലുണ്ടായിരുന്നെന്നും ആ ജീവനക്കാരന് "പണി" കൊടുക്കുന്നതിന്‍റെ ഭാഗമായാണ് ഉത്തരക്കടലാസുകൾ വീട്ടിൽ കൊണ്ട് പോയതെന്നുമാണ് വിശദീകരണം. എന്നാലിത് മുഖവിലക്കെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ് . 

എന്നാൽ കോപ്പിയടി ലക്ഷ്യമിട്ടാണ് ഉത്തരക്കടലാസുകൾ വീട്ടിലേക്ക് കടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ് . പരീക്ഷ ചോദ്യപേപ്പർ പുറത്തേക്ക് കൊടുക്കും. ഈ ചോദ്യപേപ്പറിന്‍റെ ഫോട്ടോ മൊബൈലിലെടുത്ത ശേഷം ഉത്തരങ്ങൾ യൂണിയൻ ഓഫീസിൽ വച്ച് എഴുതി നൽകുമായിരുന്നുവെന്നാണ് നിഗമനം. 

Read also:യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിലും ഉത്തരക്കടലാസ് കെട്ട് ; അധ്യാപകന്‍റെ സീലും പിടിച്ചെടുത്തു