തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരുടെ പങ്ക് വെളിപ്പെടുത്തി സ്വപ്ന. നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിനെകുറിച്ച്  എം ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും അറിവുണ്ടായിരുന്നുവെന്ന് സ്വപ്ന  എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് മൊഴി നല്‍കി  ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിന് കൂടി അവകാശപ്പെട്ടതെന്നും ഇഡി റിപ്പോര്‍ട്ടിലുണ്ട്. 

എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ 13 ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഒരു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വേണമെന്ന് ഇഡി ആവശ്യപ്പെട്ടു. അട്ടക്കുളങ്ങര വനിതാ ജയിലിൽ വെച്ച് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന നിര്‍ണായക വെളുപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച ശിവശങ്കറുടെ വിശദീകരണം തേടണം എന്നുമായിരുന്ന വാദം. ഇതുമായി ബന്ധപ്പെട്ട കസ്റ്റഡി റിപ്പോര്‍ട്ടിലാണ് സ്വപ്നയുടെ മൊഴികളും ഇഡിയുടെ കണ്ടെത്തലുകളും വിശദീകരിക്കുന്നത്. 

പ്രധാനപ്പെട്ട മൊഴികള്‍ ഇവയാണ്. 

നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തിനെ കുറിച്ച്  എം ശിവശങ്കറിന് അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നു. വടക്കാഞ്ചേരി പദ്ധതിയില്‍ യൂണിടാക്ക് കമ്മീഷൻ നൽകിയതിനെക്കുറിച്ച്  ശിവശങ്കറിന് അറിയാം. ഖാലിദ് കൈമാറിയ ഒരു കോടിരൂപ ശിവശങ്കർ ആവശ്യപ്പെട്ടിട്ടാണ് ലോക്കറില്‍ ഇട്ടത്. ശിവശങ്കറിന് കൂടി  ഈ തുക അവകാശപ്പെട്ടത് കൊണ്ടാണിതെന്നും സ്വപ്ന മൊഴിയിൽ പറഞ്ഞിട്ടുണ്ട്.

സ്മാര്‍ട്സിറ്റി, ടോറസ് ഡൗണ്‍ടൗണ്‍, കെ ഫോണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ മറവിലും കോഴ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിലെല്ലാം സ്വപ്ന ഇടനിലക്കാരിയായി. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയിട്ടുണ്ട്. ശിവശങ്കര്‍ സന്തോഷ് ഈപ്പനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും നൽകിയത് രണ്ട് കമ്പനികൾക്കാണ്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്സ് ഓഫീസർ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ആദ്യം ഇക്കാര്യം നിഷേധിച്ച ശിവശങ്കര്‍ പിന്നീട് ഇത് സമ്മതിച്ചുവെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്. കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ, ശിവശങ്കര്‍ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.