തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായതോടെ നിർണ്ണായക രാഷ്ട്രീയ വാ​ഗ്വാദങ്ങൾക്കും ചർച്ചകൾക്കും കൂടിയായിരിക്കും കേരളം വരും ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക. കേസിന്റെ തുടക്കം മുതൽ ബിജെപി കേന്ദ്രനേതൃത്വം ഉൾപ്പടെ ഇതിൽ നിർണ്ണായക കരുക്കൾ നീക്കിയിരുന്നു. ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ കസ്റ്റംസ് ശിവശങ്കറിന്റെ വീട്ടിലെത്തിയതോടെയാണ് ആശുപത്രി നാടകം മുതൽ ഇന്നത്തെ കസ്റ്റഡിയിലാകൽ വരെയുള്ള കാര്യങ്ങൾ ഉണ്ടായിരിക്കുന്നത്.  

കിങ്പിൻ എന്ന വാക്കാണ് അന്വേഷണ ഏജൻസികൾ ശിവശങ്കറിനെ വിശേഷിപ്പിക്കാൻ കോടതിയിൽ ഉപയോ​ഗിച്ചത്. സ്വർണ്ണക്കടത്തിൽ മുഖ്യ ആശൂത്രകൻ ശിവശങ്കറാണ് എന്നാണ് അന്വേഷണ ഏജൻസികളുടെ വാദം. പ്രതിപക്ഷപാർട്ടികളൊന്നാകെയും ബിജെപി ദേശീയ നേതൃത്വം ഉൾപ്പടെയും ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യംവച്ചുള്ള ആരോപണങ്ങളെ കടുപ്പിക്കാൻ ഉപയോ​ഗിക്കുമെന്നുറപ്പാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾത്തന്നെ അന്താരാഷ്ട്ര മാനങ്ങളുള്ള കള്ളക്കടത്തിന് സഹായിക്കുക എന്നതുയർത്തിയായിരിക്കും പ്രതിപക്ഷവും ബിജെപിയും സർക്കാരിനെ ആക്രമിക്കുക. 

അതേസമയം, ആരോപണവും പ്രതിഷേധങ്ങളും അനുബന്ധവിഷയങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും കരുതേണ്ടിയിരിക്കുന്നു. എത്ര ഉന്നതനായാലും നിയമത്തിനു മുന്നിൽ വരട്ടെ എന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണഘട്ടങ്ങളെയും രീതികളെയും പലപ്പോഴും ചോദ്യം ചെയ്തെങ്കിലും തെറ്റു ചെയ്തവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടട്ടെ എന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സമാനമായ നിലപാടിൽ ഉറച്ച് നിന്ന് പ്രതിഷേധങ്ങളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാനാവും എൽഡിഎഫും ശ്രമിക്കുക. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ സ്വർണ്ണക്കടത്ത് തന്നെയാകും പ്രധാന രാഷ്ട്രീയ വിഷയമെന്നും ഉറപ്പാണ്.