ആലപ്പുഴ: സഭാതർക്കത്തെ തുടർന്ന് 84കാരിയുടെ മൃതദേഹം, മരിച്ച് ആറ് ദിവസമായിട്ടും സംസ്കരിക്കാത്ത സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന്  സംസ്ഥാന ചീഫ് സെക്രട്ടറിക്ക്  കേന്ദ്ര മനുഷ്യാവകാശ കമ്മിഷന്‍റെ നിർദ്ദേശം. സർക്കാർ കൈകൊണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. മരിച്ച മറിയാമ്മയുടെ മകൻ നൽകിയ പരാതിയിലാണ് നിർദേശം.

അതേ സമയം പള്ളിയിൽ മൃതദേഹം സംസ്കരിക്കുന്നതിന്  അനുമതി തേടി സമർപ്പിച്ച ഹർജി യാക്കോബായ വിഭാഗം പിൻവലിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച പള്ളിക്കൽ സ്വദേശിയായ മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹമാണ് സംസ്‌കരിക്കാനാകാത്തത്. കായംകുളത്തെ കാദീശാ പള്ളിയിലാണ് ഓർത്തഡോക്സ് യാക്കോബായ വിഭാഗത്തിന്‍റെ തർക്കത്തെ തുടര്‍ന്ന് സംസ്കാരം നീളുന്നത്. മരിച്ച് തൊട്ടടുത്ത ദിവസം സംസ്കാരം നടത്താനായിരുന്നു കുടുംബത്തിന്‍റെ തീരുമാനം. എന്നാൽ, സഭാതർക്കത്തെ തുടർന്ന് മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കായംകുളത്തെ കാദീശാ ഓർത്തഡോക്സ് യാക്കോബായ പള്ളികൾ കാലങ്ങളായി ഒരു സെമിത്തേരിയാണ് ഉപയോഗിച്ചുവരുന്നത്. സഭാത‍ർക്ക കേസിൽ 2013 ൽ, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി വന്നശേഷം ഓരോ മരണം ഉണ്ടാകുമ്പോഴും ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് യാക്കോബായ വിഭാഗം സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നത്.

എന്നാൽ, സഭാതർക്കത്തിൽ സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. അന്ത്യകർമ്മങ്ങൾ ഓർത്തഡോക്സ് വിഭാഗം വൈദികൻ നടത്തട്ടെയെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. എന്നാല്‍, ഇത് യാക്കോബായ വിഭാഗത്തിന് സ്വീകാര്യമല്ല.

സംസ്കാര ചടങ്ങുകൾക്ക് തങ്ങൾ എതിരല്ലെന്നും കോടതി ഉത്തരവ് മാത്രമാണ് സ്വീകാര്യമെന്നുമാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്. അതേസമയം, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് മാത്രമേ പള്ളിത്തർക്കത്തിൽ നിലപാടെടുക്കൂവെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.