തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ഇടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വേനൽ മഴയുടെ ഭാഗമായി ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായാണ് ജാഗ്രതാ നിർദേശം. അടുത്ത മൂന്ന് മണിക്കൂറിനിടെ  എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട  എന്നീ ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 

അതേസമയം, പതിവ് തെറ്റിക്കാതെ ജൂൺ 1-ന് തന്നെ കാലവർഷം തുടങ്ങാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. നേരത്തേ ജൂൺ 8 ആകും കാലവർഷമെത്താൻ എന്നായിരുന്നു പ്രവചനമെങ്കിലും അറബിക്കടലിൽ രൂപപ്പെട്ട ഇരട്ടന്യൂനമർദ്ദം ഈ കാലവർഷമേഘങ്ങളെ സമയത്ത് തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നുമാണ് പ്രവചനം. 

Read more at: കാലവ‍ർഷം കേരളത്തിലേക്ക്: കേരളത്തിൽ തിങ്കളാഴ്ചയോടെ മഴ തുടങ്ങുമെന്ന് പ്രവചനം

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതികളും ഇങ്ങനെയാണ്:
 
2020 മെയ് 28 : പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി. 
2020 മെയ് 29  : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി 
2020 മെയ് 30 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,കണ്ണൂർ 
2020 മെയ് 31 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്.
2020 ജൂൺ 1 :  എറണാകുളം, ഇടുക്കി ,തൃശ്ശൂർ,മലപ്പുറം, കോഴിക്കോട്.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

Read more at: 'അണക്കെട്ടുകളിൽ ജലനിരപ്പെത്ര?', സർക്കാരിനോടും കെഎസ്ഇബിയോടും മറുപടി തേടി ഹൈക്കോടതി

2020 മെയ് 28  മുതൽ ജൂൺ 1 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.