വയനാട്: വ്യാജ പാസുമായി അതിർത്തി കടക്കാൻ ശ്രമിച്ച ആറുപേര്‍ വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടിയിൽ. പേരാമ്പ്ര സ്വദേശികളായ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്.  ഇരിട്ടി സ്വദേശിയുടെ പാസിൽ തിരുത്തൽ വരുത്തിയാണ്  ഇവർ അതിർത്തി കടക്കാൻ ശ്രമിച്ചത്. വിരാജ് പേട്ടയിലെ മലയാളികളാണ്  പണം വാങ്ങി പാസ് കൃത്രിമമായി നിർമ്മിച്ചു നൽകിയതെന്ന് പിടിയിലായവർ പറഞ്ഞു. ബത്തേരി പൊലീസ് കേസെടുത്തു.  

അതേസമയം സമ്പർക്കത്തിലൂടെ കൂടുതൽ രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂരിൽ അതീവ ജാഗ്രത തുടരുന്നു. എന്നാൽ ജില്ലയിൽ അടച്ചിടൽ വേണ്ടെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. നിരത്തുകളിൽ പൊലീസ് പരിശോധന കർശനമാക്കി. തൃശ്ശൂർ നഗരസഭയുൾപ്പെടെ 10 പ്രദേശങ്ങൾ ഹോട്സ്പോട്ടിലാണ്. ഗുരുവായൂർ ക്ഷേത്രം അടച്ചു. ഇന്ന് നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പക്ഷേ നടത്താം. രണ്ട് ദിവസത്തിനിടെ 21 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. എങ്കിലും അടച്ചിടൽ വേണ്ട, നിയന്ത്രണങ്ങൾ മതി എന്നാണ് സർക്കാ‍ർ തീരുമാനം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും.