Asianet News MalayalamAsianet News Malayalam

ചികിത്സാ പിഴവ് മൂലം ആറ് വയസുകാരിയുടെ കാഴ്ച നഷ്ടമായതായി പരാതി

കളിക്കുന്നതിടിനെ പെട്ടെന്ന് ബോധം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18-നാണ് സോന മോളെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍.

six year old sona lost her eye sight due medical negligence
Author
Thrissur, First Published May 8, 2019, 2:17 PM IST

തൃശ്ശൂര്‍: ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം 6 വയസ്സുകാരിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടതായി പരാതി. പട്ടിക്കാട് സ്വദേശിയായ സോന എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. കുട്ടി ഇപ്പോള്‍ തൃശ്ശൂര്‍ മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സമൂഹമാധ്യമങ്ങളില്‍ സോനയുടെ കഥ ചര്‍ച്ചയായതിനെ തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കുള്ള ചിലവ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചിട്ടുണ്ട്. 

കളിക്കുന്നതിടിനെ പെട്ടെന്ന് ബോധം പോയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 18-നാണ് സോന മോളെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍. തുടര്‍ന്ന് അതിനുള്ള മരുന്നുകളും കുട്ടിക്ക് നല്‍കി തുടങ്ങി. എന്നാല്‍ രണ്ട് ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ്‍പോളകള്‍ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലുമായി. 

ഇതോടെ കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയില്‍ ഒന്നും കുട്ടിയ്ക്ക് അപസ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. മരുന്നിന്‍റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിയ്ക്കെന്ന് വിദഗ്ദ്ധ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍ കുഞ്ഞിന് ചികിത്സയില്‍ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. യാതൊരു തരത്തിലുള്ള പിഴവുകളും നമ്മുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. കുട്ടിയുടെ ചികിത്സ ഏറ്റെടുത്ത് കൊണ്ടുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയില്‍ പോലും ഇതൊരു അപൂര്‍വ്വ രോഗമാണെന്ന് മാത്രമാണ് പറയുന്നത്. അല്ലാതെ ചികിത്സാ പിഴവിനെ കുറിച്ച് പരാമര്‍ശമൊന്നുമില്ല  - ജൂബിലി മിഷന്‍ ആശുപത്രി സിഇഒ ഡോ.ബെന്നി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ തൃശ്ശൂര്‍ മെഡി.കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ തൊലിപ്പുറത്തുള്ള അസുഖങ്ങള്‍ ഇപ്പോള്‍ ഭേദമായിട്ടുണ്ട്. ഇതിനിടെ രണ്ട് തവണ കോയമ്പത്തൂരില്‍ കൊണ്ടു പോയി കണ്ണിന് ശസ്ത്രക്രിയ നടത്തി. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ മാത്രമേ കണ്ണിന്‍റെ കാഴ്ച പഴയ നിലയിലാവൂ. സ്ഥിരവരുമാനം പോലുമില്ലാത്ത സോനയുടെ കുടുംബത്തിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടിവന്നത്. ഇനിയെന്ത് ചെയ്യും എന്നറിയാതെ വലഞ്ഞിരുന്ന കുടുംബത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആശ്വാസമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios