തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ തിരുവനന്തപുരത്തെ രാമചന്ദ്രൻ വ്യാപാര ശാലയിലെ 61 ജീവനക്കാർക്ക് കൂടി കൊവിഡ്. അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിലെ  ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കു വന്നവരാണ് ജീവനക്കാര്‍. ഇതോടെ ജില്ലയിൽ ഇന്ന്  രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്.  പതിനൊന്ന് പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗമുക്തി നേടി.

സമ്പര്‍ക്കം മൂലം ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറയിലും പരിസരപ്രദേശങ്ങളിലുമാണ്. രോഗബാധിതരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുണ്ടായി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂന്തുറ സെന്‍റ് തോമസ് സ്‌കൂളില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് ചികിത്സക്കായി 750 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ തയ്യാറാക്കും. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയവും പരിസരവുമാണ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ്  സെന്‍ററാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.