കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ അറവുശാലയ്ക്ക് എതിരെ ഹൈക്കോടതി. കൃത്യമായ മാലിന്യ സംസ്‍ക്കരണ പ്ലാന്‍റ് അറവുശാലയ്ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറവുശാലയിലെ രക്തവും മാലിന്യവും പേരണ്ടൂര്‍ കനാലിലേക്ക്  ഒഴുക്കുന്നു എന്ന പരാതിയിലാണ് കോടതി ഇടപെടൽ.  അമിക്കസ്ക്യൂറി നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടു. 

കയ്യേറ്റവും അനിയന്ത്രിതവുമായ  മാലിന്യ നിക്ഷേപവും പേരണ്ടൂർ കനാലിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പത്തര കിലോമീറ്റർ ദൈർഘ്യവും മിക്ക ഭാഗത്തും മുപ്പതു മീറ്ററോളം വീതിയുമുണ്ടായിരുന്നു പേരണ്ടൂർ കനാലിന്. നഗരം വെളളത്തിൽ മുങ്ങാതിരിക്കാനും വള്ളത്തിൽ സാധനങ്ങൾ എത്തിക്കാനും രാജഭരണ കാലത്ത് നിർമ്മിച്ചതാണ് കനാൽ. എതാനും വർഷം മുന്പു വരെ തെളിനീരാണ് ഇതിലൂടെ ഒഴുകിയിരുന്നത്. ഇപ്പോഴിത് നഗരത്തിലെ മാലിന്യം മുഴുവൻ കായലിൽ എത്തിക്കുന്ന അഴുക്കുചാലായി മാറി.