വിമത പ്രചാരണത്തിൽ ഇളക്കം തട്ടാതെ വെള്ളാപ്പള്ളി കോട്ട: എസ്എൻ ട്രസ്റ്റ് ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വൻ ജയം
പത്ത് മേഖലകളായി തിരിച്ചാണ് എസ് എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 100 രൂപ മുതൽ 5000 രൂപ വരെ സംഭാവന നൽകിയവരുടെ വിഭാഗമായ 3 ഇ യിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്

കൊല്ലം: എസ് എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പളളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക പാനലിന് സമ്പൂർണ ആധിപത്യം. ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ മുഴുവൻ സീറ്റിലും ഔദ്യോഗിക പാനൽ സ്ഥാനാർത്ഥികൾ വിജയിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്.
പത്ത് മേഖലകളായി തിരിച്ചാണ് എസ് എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 100 രൂപ മുതൽ 5000 രൂപ വരെ സംഭാവന നൽകിയവരുടെ വിഭാഗമായ 3 ഇ യിലാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ അഞ്ച് മേഖലകളിൽ സ്ഥാനാർത്ഥികൾ ഇറങ്ങി. കൊല്ലം, വർക്കല, പുനലൂർ, നങ്ങ്യാർകുളങ്ങര, തൃശ്ശൂർ മേഖലകളിലാണ് മത്സരം നടന്നത്. 117 പ്രതിനിധികളുള്ള കൊല്ലം മേഖലയിൽ മുഴുവൻ സീറ്റിലേക്കും വിമത വിഭാഗം സ്ഥാനാത്ഥികളെ നിർത്തി.
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി എന്ന പേരിലാണ് വിമത വിഭാഗം മത്സരത്തിനിറങ്ങിയത്. വലിയ തോതിൽ പ്രചരണം നടന്ന തെരഞ്ഞെടുപ്പിൽ പക്ഷെ വിമത വിഭാഗത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒരു പ്രതിനിധിയെ പോലും എവിടെയും ജയിപ്പിക്കാനും സാധിച്ചില്ല. തിരുവനന്തപുരം, ചേർത്തല, പാലക്കാട്, കോഴിക്കോട്, കണ്ണൂർ മേഖലകളിൽ ഔദ്യോഗിക പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
എസ് എൻ ട്രസ്റ്റ് സംരക്ഷണ സമിതി ശക്തമായി രംഗത്തിറങ്ങിയതോടെ വെള്ളാപ്പളളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഓരോ മേഖലകളിലും ക്യാമ്പ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 5001 മുതൽ ഒരു ലക്ഷം രൂപ വരെ സംഭാവന ചെയ്തവരുടെ പ്രതിനിധികളുടെയും വിദഗ്ധ സമിതി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് ഇനി നടക്കാനുണ്ട്. ഈ സ്ഥാനങ്ങളിലേക്ക് ഔദ്യോഗിക പാനലിന് കാര്യമായ എതിരാളികളില്ല. അടുത്ത മാസം 24, 25 തീയ്യതികളിലാണ് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. വെള്ളാപ്പള്ളി നടേശൻ തന്നെ വീണ്ടും ട്രസ്റ്റ് സെക്രട്ടറി ആകാനാണ് സാധ്യത.
Asianet News Live | Malayalam News Live