ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിന് പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ്

കൊച്ചി: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷിനെ ഡിസ്ചാർജ് ചെയ്തു. ഇന്ന് നാലരയോടെയാണ് അനോഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിനെ പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു. കുട്ടി പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനോഷ്.

അനോഷ് പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിത്സിച്ച ഡോക്ടർ രമേഷ് പറഞ്ഞു. ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി ഭേദമായി. ശംഖുവരയൻ പാമ്പ് കടിച്ചാൽ ദേഹത്ത് പോലും പാട് ഉണ്ടാകില്ല. വേദന പോലും ഉണ്ടാകില്ല. പാമ്പിനെ കണ്ടാൽ മാത്രമേ സംശയിക്കാൻ പോലും സാധ്യതയുള്ളൂ. അർദ്ധരാത്രിയിൽ എഴുന്നേറ്റുള്ള വയറുവേദന ബുദ്ധിമുട്ട് പ്രധാന ലക്ഷണമാണ്. വേനൽക്കാലത്ത് എല്ലാവരും പ്രത്യേകം കരുതി ഇരിക്കണം. കുട്ടിക്ക് ecmo ചികിത്സ ലഭ്യമാക്കി. കുട്ടിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനം ഗുരുതരമായ അവസ്ഥയിലായിരുന്നു. Ecmo, ആന്റി സ്നേക്ക് വെനം അടക്കം ചികിത്സ ലഭ്യമാക്കിയെന്നും ഡോക്ടർ രമേശ് പറഞ്ഞു.

എല്ലാവർക്കും നന്ദിയുണ്ടെന്ന് അനോഷിന്റെ പിതാവ് പറഞ്ഞു. ആൽജോയുടെ ജീവൻ രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. വയറ് വേദന എന്നാണ് ആദ്യം പറഞ്ഞത്. ജ്യൂസ് കുടിച്ചതിൻ്റെ പ്രശ്നമാണെനാണ് ആദ്യം കരുതിയത്. ആദ്യം മുഖത്തൊക്കെ നീര് ഉണ്ടായിരുന്നു. ഒരു മകൻ പോയി, ഒരാളെയെങ്കിലും കിട്ടണെ എന്ന പ്രാർത്ഥനയായിരുന്നു. എല്ലാ ഡോക്ടർമാരോടും നന്ദി പറയുകയാണ്. സ്വന്തം മകനെ പോലെ നോക്കിയെന്നും അനോഷിന്റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരൻ മരിച്ച വിവരം കഴിഞ്ഞ ദിവസമാണ് അനോഷിനെ അറിയിച്ചത്. ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാരിൽ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരൻ അനോഷ് മാത്രമാണ്. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19 ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ ശംഖുവരയന്‍ പാമ്പിന്‍റെ സാന്നിധ്യം നിരന്തരം കാണുന്നതോടെ ഡിസ്ചാര്‍ജ് വാങ്ങി മകനെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഭയമാണെന്ന് മാതാപിതാക്കളായ സില്‍ജോയും ജോണ്‍സിയും പറഞ്ഞിരുന്നു. കല്ലുകെട്ടിയ വീടിന്‍റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്‍റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

YouTube video player