ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കാമന്ന് കോടതി അറിയിച്ചു. എസ്എൻസി ലാവ്ലിൻ കേസ് ഇന്ന് 23-ാമത്തെ കേസായാണ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ കോടതി പരിഗണിക്കാൻ തീരുമാനിച്ചിരുന്നത്. 

എന്നാൽ മറ്റ് കേസുകളിലെ കോടതി നടപടികൾ നീണ്ടുപോയതിനാൽ ലാവ് ലിൻ കേസ് പരിഗണനക്ക് എടുത്തില്ല. കോടതി നടപടികൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇടപെട്ടാണ് എസ്.എൻ.സി ലാവ് ലിൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സോളിസിറ്ററ്‍ ജനറൽ ആവശ്യപ്പെട്ടത്. ജസ്റ്റിസ് യുയു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ തന്നെയാണ് ഇനി ലാവ് ലിൻ കേസ് പരിഗണിക്കുക.

പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷതയിലുള്ളത് . മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസ് എങ്ങനെ പുതുതായി രൂപീകരിച്ച ബെഞ്ചിന് മുന്നിൽ വന്നതെങ്ങനെയെന്ന് കഴിഞ്ഞ തവണ ജസ്റ്റിസ് യുയു  ലളിത് ചോദിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ശേഷം ഉചിതമായ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാന്‍ പുതിയ ബെഞ്ച് ഉത്തരവിടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐയും കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  ശിക്ഷിക്കപ്പെട്ടവരും നൽകിയ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.