Asianet News MalayalamAsianet News Malayalam

എസ്എൻസി ലാവ്‌ലിൻ കേസ് നീട്ടാനുള്ള സിബിഐയുടെ ആവശ്യം ഇന്ന് സുപ്രീം കോടതി പരിഗണിക്കും

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്

SNC Lavlin case CBI Supreme Court
Author
Delhi, First Published Oct 16, 2020, 6:46 AM IST

ദില്ലി: എസ്.എൻ.സി ലാവ് ലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. സുപ്രീംകോടതി ആവശ്യപ്പെട്ട കുറിപ്പിനൊപ്പം നൽകേണ്ട രേഖകൾ തയ്യാറാക്കാൻ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ ആവശ്യം അംഗീകരിച്ച് കേസ് മാറ്റിവെക്കാനാണ് സാധ്യത. രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ കോടതി പരാമര്‍ശം നടത്തിയിരുന്നു.

ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികൾ വെറുതെ വിട്ട കേസായതിനാൽ, ഇനി കേസിൽ വാദം കേൾക്കുമ്പോൾ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സിബിഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസിൽ വാദം കേൾക്കുന്നത് നീട്ടിവച്ച്, കൂടുതൽ സമയം നൽകണമെന്ന് കോടതിയിൽ സിബിഐ അപേക്ഷ നൽകുന്നത്. 

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകൾ ഇല്ലാതെ ഹൈക്കോടതി വിധിയിൽ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നൽകിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ നൽകിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.

Follow Us:
Download App:
  • android
  • ios