വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്എൻഡിപി നേതാവ്. മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ ആണ് വെല്ലുവിളി പ്രസംഗം നടത്തിയത്. പാലായിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് പ്രസംഗം. 

കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ പരാമർശങ്ങളിൽ വെല്ലുവിളി പ്രസംഗവുമായി എസ്എൻഡിപി യൂണിയൻ നേതാവ്. വെള്ളാപ്പള്ളി നടേശനെ തൊട്ടാൽ തൊടുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ പ്രസംഗിച്ചു. വെള്ളാപ്പള്ളിക്കെതിരായ മുസ്ലീം ലീഗിന്റെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പാലായിൽ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഒരു വെല്ലുവിളിയും നടക്കില്ല. കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള രക്തസാക്ഷി മണ്ഡപങ്ങൾ നോക്കിക്കഴിഞ്ഞാൽ അറിയാം, ആരുടെ മണ്ഡപങ്ങളാണ് ഏറ്റവും കൂടുതൽ ഉള്ളതെന്ന്. മുസ്ലീം ലിഗിൻ്റെയും വേറൊരു ജാതിയുടെയും ഇല്ല, ഇവിടെ നൂറെണ്ണം ഉണ്ടെങ്കിൽ 99 എണ്ണവും ഈഴവൻ്റേതാണ്. അതുകൊണ്ട് ഈ വെല്ലുവിളി വളരെ ധൈര്യപൂർവം ഏറ്റെടുക്കുന്നു. എസ്എൻഡിപി യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്ലീം ലീഗിൻ്റെ മുഴുവൻ നേതാക്കന്മാരെയും നടുറോഡിൽ തടയും. വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാൽ തൊടുന്ന കൈ വെട്ടിക്കളയും"- മീനച്ചിൽ യൂണിയൻ ചെയർമാൻ പ്രസംഗിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ യൂത്ത് ലീഗിൻ്റെ പരാമർശങ്ങളിൽ വിവിധയിടങ്ങളിൽ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ മുദ്രാവാക്യം ഉയർന്നത്.

"ആരാടാ ഈ വെള്ളാപ്പള്ളി, ഏതവനാടാ ഈ സുകുമാരൻ, പാണക്കാട്ടെ ലീഗ് ആടാ..." എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. തൊടുപുഴയിൽ നടന്ന പ്രകടനത്തിന് പിന്നാലെ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്ന് കാട്ടിയാണ് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം നടപടിയെടുത്തത്.