ആലപ്പുഴ:  കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ മരണത്തില്‍  വെള്ളാപ്പള്ളി നടേശനെതിരെ എസ്എന്‍ഡിപി സംരക്ഷണ സമിതി. കെ കെ മഹേശന്‍റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളി നടേശനാണെന്നാണ് സംരക്ഷണ സമിതിയുടെ ആരോപണം. അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും കേസ് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്നും രാജ്‍കുമാര്‍ ഉണ്ണി പറഞ്ഞു. അതേസമയം മഹേശന്‍റെ മരണത്തില്‍ പല ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്‍തനായിരുന്ന കെ കെ മഹേശനെ  കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്നലെ മഹേശനെ ചോദ്യം ചെയ്തിരുന്നു. ഇവിടെ നിന്നും ആത്മഹത്യാകുറിപ്പുകളും പൊലീസിന് കിട്ടി. യൂണിയൻ നേതൃത്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയുണ്ടെന്നും കത്തില്‍ മഹേശന്‍ ആരോപിക്കുന്നുണ്ട്. 

അതേസമയം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും കഴിഞ്ഞ ദിവസം മഹേശൻ അയച്ച 32 പേജുള്ള കത്ത് പുറത്തുവന്നു. സംഘടനാ പ്രവർത്തനം തുടങ്ങിയത് മുതലുള്ള പ്രവർത്തനങ്ങളാണ് അക്കമിട്ട് നിരത്തുന്നത്. ഇതോടൊപ്പം ഈ മാസം ഒമ്പതിന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിക്ക് മഹേശൻ അയച്ച കത്തും പുറത്തുവന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുത മനോഭാവമാണ്. പല യൂണികളിൽ നടന്ന മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും മഹേശൻ കത്തിൽ പറയുന്നുണ്ട്. 

കണിച്ചുകുളങ്ങര യൂണിയനിലെ 37  ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ പലവട്ടം വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. തന്‍റെ കുടുംബം ജപ്തിയുടെ വക്കിലാണെന്നും മഹേശന്‍റെ കത്തിലുണ്ട്. എസ്എൻഡിപി മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ ആയിരുന്നു മഹേശൻ. വെള്ളാപ്പള്ളിയും കെ കെ മഹേശനും ഏഴ് കേസുകളിൽ പ്രതികളാണ്. മഹേശന്‍റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്‍റെ നിഗമനം.