Asianet News MalayalamAsianet News Malayalam

സ്നിഫർ നായ്ക്കൾ ചളിയിൽ താഴ്‍ന്നു: പുത്തുമലയിൽ തെരച്ചിലുകൾ വിഫലം

പുത്തുമലയിൽ ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽ പെട്ട നായ്ക്കളെ എത്തിച്ചാണ് തെരച്ചിൽ നടത്തിയത്. എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്. 

sniffer dogs unable to take part in search operation at puthumala
Author
Wayanad, First Published Aug 15, 2019, 1:55 PM IST

വയനാട്: വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ സ്നിഫർ നായ്‍ക്കളെ ഉപയോഗിച്ച് നടത്തിയ തെരച്ചിലും വിഫലം. നായ്ക്കൾ ചെളിയിൽ താഴ്‍ന്നുപോകാൻ തുടങ്ങിയതോടെ, ഇവരെ ഉപയോഗിച്ചുള്ള തെരച്ചിൽ നിർത്തി വച്ചു. ഏഴ് പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്. 

മനുഷ്യശരീരം മണത്ത് കണ്ടെത്താൻ കഴിവുള്ള നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്. ബെൽജിയം മെൽ നോയിസ്‌ ഇനത്തിൽ പെട്ട നായ്ക്കളെ എത്തിച്ചാണ് തെരച്ചിൽ നടത്തിയത്. എറണാകുളത്തെ സ്വകാര്യ ഏജൻസിയാണ് നായ്ക്കളെ എത്തിച്ചത്. പക്ഷേ, ആ തെരച്ചിൽ വിഫലമായി. മാത്രമല്ല, നായ്ക്കളുടെ കാലുകൾ ചെളിയിൽ താഴാനും തുടങ്ങി.

മൃതദേഹം കാണാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് തെരച്ചിൽ നടത്തുന്നത്. ഭൂപടത്തിൽ കാണിച്ച സ്ഥലങ്ങളെല്ലാം കുഴിച്ച് നോക്കിയിട്ടും ഏഴിൽ ഒരാളെ പോലും കണ്ടെത്താനായില്ല.

സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കൊണ്ടു വന്നിട്ടില്ല. അതൊന്നും പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന പറയുന്നത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പരാജയപ്പെടുമെന്നാണ് നിഗമനം. 

Follow Us:
Download App:
  • android
  • ios